മോദിക്കെതിരായ ഭീഷണി വീഡിയോ: പ്രചരിപ്പിച്ചത് പരപ്പനങ്ങാടി സ്വദേശി മിഥുൻ രാജ്; മാനസിക രോഗിയെന്ന് പൊലീസ്

തിരൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവിനെ പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി മിഥുൻ രാജ് ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാൾ ഏകദേശം 20 വർഷമായി മാനസികാരോഗ്യ ചികിത്സയിൽ കഴിയുന്ന വ്യക്തിയാണെന്നും നേരത്തെ സംഘപരിവാർ സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് പ്രദേശവാസികളും പൊലീസും പറയുന്നത്.
പ്രധാനമന്ത്രിയെ വെള്ളിയാഴ്ച തലയറുക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. വെള്ളിയാഴ്ച തന്നെ പരാമർശിച്ച് ഭീഷണി മുഴക്കിയത് പ്രത്യേക ലക്ഷ്യത്തോടെയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാളെ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ച് ചില സംഘപരിവാർ അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ വിദ്വേഷ പ്രചാരണം നടന്നിരുന്നു. പിന്നീട് ഇയാൾ പരപ്പനങ്ങാടി സ്വദേശി മിഥുൻ രാജ് ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യാഥാർഥ്യം പുറത്തുവന്നത്.
20 വർഷമായി മാനസികാരോഗ്യ ചികിത്സയിൽ കഴിയുന്ന ആളാണ് മിഥുൻ രാജ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബന്ധുക്കളെ ആക്രമിച്ച സംഭവത്തെ തുടർന്ന് ഇയാളെ നേരത്തെ പരപ്പനങ്ങാടി പൊലീസ് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.
സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കുന്ന പതിവ് ഉണ്ടായിരുന്നെങ്കിലും, പ്രതിയുടെ മാനസികാരോഗ്യ നില കണക്കിലെടുത്ത് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
മോദിക്കെതിരെ അസഭ്യം പറഞ്ഞതിന് പിന്നാലെയാണ് വെള്ളിയാഴ്ച തല അറുക്കുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നത്. മലപ്പുറം ശൈലിയിലുള്ള സംസാരവും താടിയും കണ്ട് ഇയാൾ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വ്യാപകമായ വിദ്വേഷ പ്രചാരണം നടന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളടക്കം വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

