ലൈംഗികാതിക്രമ-കൊലപാതകക്കേസ്: ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി പിടിയിൽ

പാലക്കാട്: 2019-ൽ നാടിനെ നടുക്കിയ ലൈംഗികാതിക്രമ-കൊലപാതകക്കേസിലെ ഒന്നാം പ്രതിയെ ഏഴ് വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ചെന്നൈ പ്രാന്തനല്ലൂർ അമ്മയാർ സ്ട്രീറ്റിൽ ശെൽവരാജ്–ശിവഗാമി ദമ്പതികളുടെ മകൻ സുരേഷ് (32) ആണ് പിടിയിലായത്.
പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയായ സുരേഷ്, ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണം നടത്തിവരികയായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി അബ്ദുൾ റഷീദിന്റെ നിർദേശപ്രകാരം, പാലക്കാട് ഡിവൈ.എസ്.പി. ശശിധരന്റെ മേൽനോട്ടത്തിൽ അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാത്രി തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള കോരടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ സുരേഷിനെ പാലക്കാട്ടിലെത്തിച്ച ശേഷം നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ പിടികൂടാനായതോടെ കേസന്വേഷണത്തിൽ നിർണായക മുന്നേറ്റം കൈവരിച്ചതായി പോലീസ് അറിയിച്ചു.

