കനത്ത മഴ: പാലക്കാട് ഉൾപ്പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും വിവിധ ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാലക്കാട് ഉൾപ്പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ശനിയാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാക്കിയിരിക്കുന്നത്. പല ജില്ലകളിലും മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയ്ക്കുശേഷം പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ അവധി തുടരും.
കോട്ടയം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാലാണ് തീരുമാനം.
അതേസമയം, വിവിധ ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പി.എസ്.സി., സർവകലാശാല, മറ്റ് പൊതുപരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.

