പ്രസംഗത്തിലെ ദ്വയാര്‍ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍,പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധം

ചെന്നൈ തമിഴ്നാട് രാഷ്ട്രീയത്തെ കലുഷിതമാക്കി നാടകീയ രംഗങ്ങൾ. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടി തൃഷയ്ക്ക് എതിരായ ദ്വയാർഥ പ്രയോഗത്തിലാണ് അറസ്റ്റ്. കാവേരി വിഷയത്തിലെ പ്രസംഗത്തിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്.നാടകീയ നീക്കങ്ങൾക്ക് ഒടുവിലായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ സ്റ്റാലിന്റെ വീടിനുമുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതേ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിനെ പോലീസ് കൊണ്ടുപോയത്.തഞ്ചാവൂര്‍ ഈസ്റ്റ് പോലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.സ്ഥലത്ത് വലിയ രീതിയിലുള്ള ഡിഎംകെ പ്രതിഷേധം നടക്കുകയാണ്. ഡിഎംകെ പ്രവര്‍ത്തകര്‍ പോലിസ് വാഹനം തടഞ്ഞു. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.തഞ്ചാവൂരില്‍ കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് വിവാദ സംഭവം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയെ ഉദയനിധി പ്രസംഗത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. പ്രസംഗത്തിനിടയില്‍ സദസ്സില്‍ നിന്നും ചിലര്‍ വിജയിയുടെ സഹനടിയും സുഹൃത്തുമായ തൃഷയുടെ പേര് ഉറക്കെ വിളിച്ചു.ഇതിനോട് പ്രതികരിക്കവെ ഉദയനിധി നടത്തിയ ചില പരാമര്‍ശങ്ങള്‍ തൃഷയെയും വിജയിയെയും ലക്ഷ്യമിട്ടുള്ള അശ്ലീല ചുവയുള്ള ദ്വയാര്‍ഥ പ്രയോഗമാണെന്ന് ആരോപിക്കപ്പെടുകയായിരുന്നു.ഭാരതീയ ന്യായ സംഹിത, തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമം, ഐ.ടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദയനിധിക്കെതിരെ കേസെടുത്തിരിക്കുന്നത്.അതേസമയം, ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് ആരോപിച്ച് ഡി എം കെ ശക്തമായി രംഗത്തെത്തി. ആർക്കെതിരെയെങ്കിലും മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവൻ പ്രതികരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയെയുടെ പരാജയങ്ങൾ എണ്ണിപ്പറയുക മാത്രമാണ് ഉദയനിധി ചെയ്തതെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അധിക്ഷേപകരമായി ഒന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിനിടെ നടി തൃഷയുടെ പേര് പോലും ഉദയനിധി പരാമർശിച്ചിട്ടില്ലെന്നും ടി കെ എസ് ഇളങ്കോവൻ.

