പാലക്കാട് മെഡിക്കൽ കോളേജ് ജനങ്ങളെ വഞ്ചിക്കുന്ന കെട്ടിടമായി മാറരുത്; അടിയന്തരമായി ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം – എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷെരീഫ് അത്താണിക്കൽ

പാലക്കാട്: കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേരിന് മാത്രം സൗകര്യങ്ങൾ ഒരുക്കി ജനങ്ങളെ വഞ്ചിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെരീഫ് അത്താണിക്കൽ ആവശ്യപ്പെട്ടു.
പാലക്കാട് ഉൾപ്പെടെയുള്ള വലിയൊരു ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു.) ആകെ അഞ്ച് കിടക്കകൾ മാത്രമാണുള്ളത്. വാർഡുകളിൽ വെറും 120 കിടക്കകളും പേരിന് മാത്രം 40 നഴ്സുമാരുമാണ് നിലവിലുള്ളത്. ആവശ്യത്തിന് ഡോക്ടർമാരും നഴ്സിംഗ് ജീവനക്കാരും മറ്റ് ആരോഗ്യപ്രവർത്തകരും ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പോലും ഐ.സി.യു. ബെഡ് ലഭിക്കാതെ സ്വകാര്യ ആശുപത്രികളിലേക്കും ദൂരെയുള്ള മെഡിക്കൽ കോളേജുകളിലേക്കും റഫർ ചെയ്യേണ്ടി വരുന്ന സാഹചര്യം സാധാരണക്കാരായ രോഗികളെയും അവരുടെ കുടുംബങ്ങളെയും കടുത്ത സാമ്പത്തികവും മാനസികവുമായ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. മെഡിക്കൽ കോളേജ് എന്ന പേരിൽ കെട്ടിടം മാത്രം ഉയർത്തി അടിസ്ഥാന ചികിത്സാ സംവിധാനങ്ങൾ ഒരുക്കാതിരിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്.
ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സിംഗ് ജീവനക്കാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും അടിയന്തരമായി നിയമിക്കുകയും, ഐ.സി.യു. ബെഡുകൾ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുകയും ചെയ്ത് പാലക്കാട് മെഡിക്കൽ കോളേജിനെ സമ്പൂർണ ആരോഗ്യസ്ഥാപനമാക്കി മാറ്റാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ഷെരീഫ് അത്താണിക്കൽ മുന്നറിയിപ്പ് നൽകി.

