ഭർത്താവും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കി’; യുവതിയുടെ മരണത്തിൽ കുടുംബത്തിന്റെ പരാതി

പാലക്കാട്: എടത്തനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം. അലനല്ലൂർ സ്വദേശിനി സഹദിയ നസ്റിനാണ് കഴിഞ്ഞ ശനിയാഴ്ച വാടകവീട്ടിൽ മരിച്ചത്. ഭർത്താവ് ജിംഷാദും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് മാനസികമായി സമ്മർദത്തിലാക്കിയതാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
രണ്ടര വർഷം മുമ്പായിരുന്നു ജിംഷാദിന്റെയും സഹദിയയുടെയും വിവാഹം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ജിംഷാദ് ജോലിക്ക് പോയിരുന്നില്ല. ഇതിനെ തുടർന്ന് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
വിവാഹസമയത്ത് സഹദിയയ്ക്ക് ഏഴ് പവൻ സ്വർണം നൽകിയിരുന്നതായും അത് ജിംഷാദ് വിറ്റഴിച്ചതായും സഹദിയയുടെ സഹോദരൻ എസ്.ബി. സുഹൈൽ ആരോപിച്ചു. സുഹൃത്തുക്കളുടെ പേരിലടക്കം സഹദിയ വായ്പയെടുത്ത് ജിംഷാദിന് പണം നൽകിയിരുന്നുവെന്നും എന്നാൽ ഈ തുകകൾ തിരിച്ചടച്ചിരുന്നില്ലെന്നും സുഹൈൽ പറഞ്ഞു.
സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ജിംഷാദ് സഹദിയയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നാട്ടുകൽ പൊലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ തർക്കങ്ങളാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അതേസമയം, കുടുംബം ഉന്നയിച്ച സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
ജിംഷാദിന്റെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

