കൈവല്യ’ പദ്ധതി അട്ടിമറി: 84 അപേക്ഷകളില്‍ ഒരാള്‍ക്കും വായ്പയില്ല; അര്‍ഹരുടെ അവകാശം നിഷേധിക്കുന്നു: റഷീദ് പുതുനഗരം

പാലക്കാട്: ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തി അന്തസ്സോടെ ജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കൈവല്യ’ സ്വയംതൊഴില്‍ വായ്പാ പദ്ധതി പാലക്കാട് ജില്ലയില്‍ തകര്‍ന്ന നിലയിലാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ വ്യക്തമാക്കുന്നതായി എസ്ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് പുതുനഗരം പറഞ്ഞു.
2025 ജനുവരി ഒന്നുമുതല്‍ പാലക്കാട് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ‘കൈവല്യ’ പദ്ധതിയിലേക്ക് സമര്‍പ്പിക്കപ്പെട്ട 84 അപേക്ഷകളില്‍ ഒരാള്‍ക്ക് പോലും ഇതുവരെ വായ്പയോ ധനസഹായമോ അനുവദിച്ചിട്ടില്ല. അപേക്ഷകളില്‍ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണെന്ന വിവരമാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കേണ്ട സര്‍ക്കാര്‍ പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെയും ചുവപ്പുനാടയുടെയും ഇരയായി മാറിയിരിക്കുകയാണ്. അര്‍ഹരായ ഗുണഭോക്താക്കളുടെ അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കാത്തത് ഗുരുതരമായ ഭരണപരമായ വീഴ്ചയാണ്.
സ്വന്തമായി ഉപജീവനമാര്‍ഗം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുത്ത നിരവധി ഭിന്നശേഷിക്കാരാണ് മാസങ്ങളായി കാത്തിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഇത്തരത്തില്‍ അനിശ്ചിതത്വത്തിലാക്കുന്നത് അംഗീകരിക്കാനാവില്ല.
ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും എംപ്ലോയ്മെന്റ് അധികൃതരും അടിയന്തരമായി ഇടപെട്ട് കെട്ടിക്കിടക്കുന്ന മുഴുവന്‍ അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനമെടുക്കുകയും അര്‍ഹരായവര്‍ക്ക് വായ്പയും ധനസഹായവും ഉടന്‍ അനുവദിക്കുകയും വേണം.
‘കൈവല്യ’ പദ്ധതിയുടെ നടത്തിപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും അപേക്ഷകള്‍ കെട്ടിക്കിടക്കാനുള്ള കാരണവും ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും കണ്ടെത്തുകയും വേണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ കടലാസില്‍ മാത്രം ഒതുങ്ങാതെ അര്‍ഹരായവര്‍ക്ക് യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. അര്‍ഹരായ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഇനിയും നിഷേധിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ ജനകീയ സമരങ്ങള്‍ക്കും നിയമപരമായ നടപടികള്‍ക്കും എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് പുതുനഗരം മുന്നറിയിപ്പ് നല്‍കി.

