എയ്ഡഡ് സ്കൂൾ നിയമനത്തിലെ അഴിമതിക്കെതിരെ ജനകീയ പ്രതിഷേധം
ഓഗസ്റ്റ് 15ന് കരിപ്പോടിൽ പ്രതീകാത്മക വിചാരണയും പ്രതിഷേധവും

പാലക്കാട് :കൊല്ലങ്കോട്എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയും കോഴ ഇടപാടുകളും അവസാനിപ്പിക്കണമെന്നും നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതി ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് രാവിലെ 10.30ന് കരിപ്പോടിലാണ് പ്രതീകാത്മക വിചാരണയും പ്രതിഷേധവും നടക്കുക.
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ പണം ആവശ്യപ്പെടുന്നതും നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് വൻതുക കൈപ്പറ്റുന്നതും അവസാനിപ്പിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ഇത്തരം പ്രവണതകൾ സാമൂഹ്യനീതിയോടുള്ള വെല്ലുവിളിയാണെന്നും നിയമന നടപടികൾ സുതാര്യവും അഴിമതിരഹിതവുമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ പറഞ്ഞു.
കൊല്ലങ്കോട് വിദ്യാഭ്യാസ ഉപജില്ലയിലെ കരിപ്പോട് സ്കൂളിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പിതാംബരൻ മാസ്റ്ററിൽനിന്ന് 35 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ചതായി സ്കൂൾ മാനേജർ ഗീതയ്ക്കും ഭർത്താവ് അനൂപ് കുമാറിനുമെതിരെ ആരോപണമുണ്ടെന്ന് സമരസമിതി വ്യക്തമാക്കി. ഇതേ സ്കൂളിലെ അധ്യാപകൻ ഉദയശങ്കറിന്റെ സാന്നിധ്യത്തിലാണ് പണം കൈമാറിയതെന്നും സമരസമിതി ആരോപിക്കുന്നു.
തുക തിരികെ ആവശ്യപ്പെട്ട് അന്വേഷിക്കാനെത്തിയ പിതാംബരൻ മാസ്റ്ററെയും മകനെയും മർദിച്ചതായും അധ്യാപകനായ ജിഷ്ണുവിന്റെ കൈ തല്ലിയൊടിച്ചതായും പണം തിരികെ ചോദിച്ചതിന്റെ പേരിൽ ഇരുവരെയും വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ടെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ അഴിമതിക്കും പണ ഇടപാടുകൾക്കും വഴിവെക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും അധ്യാപക നിയമനങ്ങളിൽ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കണമെന്നും പ്രതിഷേധ പരിപാടിയുടെ സംഘാടകർ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15ന് നടക്കുന്ന പരിപാടിയിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, പൊതുപ്രവർത്തക നേതാക്കൾ പങ്കെടുക്കും.
വിളയോടി ശിവൻകുട്ടി,
ഗോമതി, എസ്. സമീർ ഹുസൈൻ കൊല്ലങ്കോട്, സി. എസ്. മുരളി, കെ. മാരിമുത്തു, എം. സുലൈമാൻ, സുരേഷ് കണ്ണാടി, എം. വി. കരുണാകരൻ, രാധാകൃഷ്ണൻ വിത്തനശ്ശേരി, ഹക്കീം, കെ. വാസുദേവൻ, ഷെമീർ, മായാണ്ടി, എ. എം. ഷിബു, വി. പി. നിസാമുദ്ദീൻ, ഹുസൈനാർ, ആശിത നജീബ്, ലൈല പത്തിരിപ്പാല, ഹംസ ചെമ്മാനം, സാദിക്ക് കൊല്ലങ്കോട്, സജീഷ് കുത്തന്നൂർ, കനകദാസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ പരിഷ്കരണ ശ്രമങ്ങളും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമന രീതികളുമായി ബന്ധപ്പെട്ട ചരിത്രപരമായ പോരാട്ടങ്ങളും ഓർമിപ്പിച്ചുകൊണ്ടാണ് സമരസമിതി പ്രതിഷേധം സംഘടിപ്പിക്കുന്നത്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ കൂടുതൽ സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം.
ജനകീയ സമരസമിതി ജനറൽ കൺവീനർ നരേന്ദ്രൻ മാസ്റ്റർ, രക്ഷാധികാരികളായ വിളയോടി ശിവൻകുട്ടി, മുജീബ് ചുള്ളിയാർ, ചെയർമാൻ പിതാംബരൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

