ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ സഹതടവുകാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

തൃശ്ശൂർ: ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ സഹതടവുകാരനെ ആക്രമിച്ച കേസിൽ റിമാൻഡ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന അഴീക്കോട് ഐവേലിക്കകത്ത് വീട്ടിൽ മുഹമ്മദ് (28)നെ ആക്രമിച്ച കേസിലാണ് കരുവന്നൂർ പ്ലാക്കൽ വീട്ടിൽ ഐവിൻ ആന്റണി (21) അറസ്റ്റിലായത്.
കവർച്ചക്കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ഐവിൻ ആന്റണി മുഹമ്മദിനെ ആക്രമിച്ചത്. ആഗസ്റ്റ് ഒമ്പതിന് രാവിലെ 9.15ഓടെയായിരുന്നു സംഭവം. അകാരണമായി അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ മുഹമ്മദിന്റെ ഇടത് തോളിലെ കൈക്കുഴ തെറ്റി ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, കോടതിയിൽ നിന്ന് ഐവിൻ ആന്റണിയെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർനടപടികൾക്ക് ശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ഐവിൻ ആന്റണി ഇരിങ്ങാലക്കുട, കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്, അടിപിടിക്കേസ്, മയക്കുമരുന്ന് ഉപയോഗിച്ച കേസ്, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച രണ്ട് കേസുകൾ എന്നിവയുൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ ദിലീഷ്, എസ്ഐമാരായ അഭിലാഷ്, പാട്രിക്, ജിഎസ്‌സിപിഒമാരായ ദിനുലാൽ, കമൽകൃഷ്ണ, അജിത്ത്, ജെബിൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

