ജയിലിൽ തടവുകാരുടെ ക്ഷേമത്തിന് ആറ് കോടി, നവീകരണത്തിന് 9.50 കോടി

തിരുവനന്തപുരം : സെൻട്രൽ ജയിലുകളുൾപ്പെടെ സംസ്ഥാനത്തെ വിവിധ ജയിലുകളിലായുള്ള അന്തേവാസികളുടെ ക്ഷേമത്തിനായി ഒരു വർഷത്തേക്ക് ആറ് കോടി രൂപയുടെ പദ്ധതിക്ക് അനുമതി. 2026- 2027 സാമ്പത്തിക വർഷത്തെ തടവുകാരുടെ വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ടാണ് 6.0225 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയത്. സെൻട്രൽ ജയിലിലെ വിവിധ ബ്ലോക്കുകളുടെ തറ ടൈൽ പാകുന്നത് മുതൽ ജയിലുകളിൽ മിന്നൽ രക്ഷാ ചാലകം തീർക്കുന്നതിനും ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കുന്നതിനും കിച്ചൺ നവീകരിക്കുന്നതിനുമുൾപ്പെടെയുള്ള 11 പ്രവർത്തികൾക്കായാണ് തുക അനുവദിച്ചത്. തടവുകാരുടെ ക്ഷേമപദ്ധതിക്കായി 13 കോടി രൂപയുടെ വിശദമായ പ്രൊപ്പോസലായിരുന്നു ജയിൽ ഡി.ജി.പി ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിരുന്നത്. എന്നാൽ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പുതല വർക്കിങ് ഗ്രൂപ്പ് യോഗം പ്രൊപ്പോസൽ വിശദമായി പരിശോധിക്കുകയും ആറ് കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകുകയുമായിരുന്നു.
സെൻട്രൽ ജയിലുകളിലുൾപ്പെടെയുള്ള ജയിലുകളിലെ സി.സി.ടി.വി സർവയലൻസ് സംവിധാനത്തിന്റെ വാർഷിക പരിപാലനത്തിനായി 1.09 കോടി രൂപയും കൂടുതൽ കാമറകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള കാമറകൾ മാറ്റി സ്ഥാപിക്കുന്നതിനുമായി 22.52 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
തിരുവനന്തപുരം സെൻട്രൽ ജയിലിലെ വിവിധ ബ്ലോക്കുകളുടെ തറ ടൈൽ പാകി നവീകരിക്കുന്നതിനായി 65.83 രൂപയും ജയിലുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കുന്നതിനായി 45.84 രൂപയും അനുവദിച്ചു. വിവിധ ജയിലുകളിലേക്കായി ജനറേറ്റർ വാങ്ങുന്നതിന് 16.50 ലക്ഷം രൂപയും ജയിലുകളിലെ ഇലക്ട്രിക്കൽ റിപ്പയർ പ്രവൃത്തികൾക്കായി 1.07 കോടി രൂപയുമാണ് അനുവദിച്ചത്. ജയിലുകളിലുള്ള കിച്ചൺ നവീകരണ പ്രവൃത്തികൾക്കായി 35.61 ലക്ഷം രൂപയും ടോയ്‌ലറ്റ് ബ്ലോക്ക് നിർമാണത്തിനും നവീകരണത്തിനുമായി 65.50 ലക്ഷവും തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉൾപ്പെടുന്ന കെട്ടിടത്തിന്റെ റീവയറിങിനായി 10.36 ലക്ഷവും അനുവദിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ എട്ടാംബ്ലോക്കിന്റെ നവീകരണത്തിന് 56.38 രൂപയും തവനൂർ സെൻട്രൽ ജയിലിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നവീകരണവുമായി ബന്ധപ്പെട്ട് 66.50 രൂപയുമാണ് ചെലവഴിക്കുന്നത്.
ഇതിന് പുറമേ ജയിൽ നവീകരണത്തിനായി 9.50 കോടി രൂപയുടെ അനുമതിയും നൽകിയിട്ടുണ്ട്. കംപ്യൂട്ടർ, ലാപ്‌ടോപ്പ് എന്നിവ വാങ്ങാനായി 8.62 ലക്ഷവും തളിപ്പറമ്പ് സബ് ജയിൽ നിർമാണത്തിന്റെ മൂന്നാംഘട്ടമായി ആറ് കോടി രൂപയും തിരുവനന്തപുരം സെൻട്രൽ ജയിലിലെ വൈദ്യുതി ഫെൻസിങ് സംവിധാനത്തിന്റെ നവീകരണത്തിനായി 68 ലക്ഷവും വിവിധ ജയിലുകളിൽ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 68.54 രൂപയും കണ്ണൂർ സെൻട്രൽ ജയിലിന്റെ നാലാം ബ്ലോക്കിലെ മതിലിന്റെ അറ്റകുറ്റപണിക്കായി ഒൻപത് ലക്ഷവുമാണ് അനുവദിച്ചത്.
ഇതുൾപ്പെടെ ജയിൽ നവീകരണവുമായി ബന്ധപ്പെട്ട് 12 പദ്ധതികളാണ് ഈ സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്നത്

