പണം വാങ്ങി ടിക്കറ്റ് നൽകിയ ശേഷം അർധരാത്രിയിൽ വിദ്യാർഥിനികളെ പെരുവഴിയിൽ ഇറക്കിവിട്ടത് ഗുരുതരമായ മനുഷ്യാവകാശ ലംഘനം; ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടി വേണം: എ. കാജാ ഹുസൈൻ

പാലക്കാട്: ജോലി ആവശ്യങ്ങൾക്കായി കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ച വിദ്യാർഥിനികളിൽ നിന്ന് മുൻകൂട്ടി ടിക്കറ്റ് തുക കൈപ്പറ്റി യാത്ര ഉറപ്പുനൽകിയ ശേഷം, അർധരാത്രിയിൽ മണ്ണാർക്കാട് വെച്ച് പെരുവഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ഉത്തരവാദിത്തമില്ലായ്മയുടെ പരസ്യമായ ഉദാഹരണമാണെന്നും വിവരാവകാശ പ്രവർത്തകൻ എ. കാജാ ഹുസൈൻ പ്രസ്താവനയിൽ പറഞ്ഞു.
യാത്രക്കാരിൽ നിന്ന് മുൻകൂട്ടി പണം വാങ്ങി ടിക്കറ്റ് നൽകിയ ബസ് അധികൃതർക്ക് അന്തർസംസ്ഥാന പെർമിറ്റില്ലെന്ന കാര്യം യാത്ര തുടങ്ങുന്നതിന് മുമ്പ് അറിയില്ലായിരുന്നോ? യാത്രക്കാരുടെ സുരക്ഷയും ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ഉത്തരവാദിത്തവും കെ.എസ്.ആർ.ടി.സിക്കില്ലേ? ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയ്ക്ക് വിദ്യാർഥിനികൾ എന്തിന് ശിക്ഷിക്കപ്പെടണം?
ജോലി ആവശ്യവുമായി യാത്ര ചെയ്യുന്ന വിദ്യാർഥിനികളെ അർധരാത്രിയിൽ അപരിചിതമായ സ്ഥലത്ത് ഇറക്കിവിടുന്നത് കേവലം യാത്രാ തടസ്സമല്ല. അവരുടെ സുരക്ഷയെയും അന്തസ്സിനെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചയാണ്. മുൻകൂട്ടി പണം വാങ്ങി യാത്ര ഉറപ്പുനൽകിയ ശേഷം യാത്രക്കാരെ വഴിയിലുപേക്ഷിക്കാൻ കെ.എസ്.ആർ.ടി.സിക്ക് എന്ത് അവകാശമാണുള്ളത്?
സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി കർശനമായ വകുപ്പുതല നടപടിയും മാതൃകാപരമായ ശിക്ഷാനടപടിയും ഉറപ്പാക്കണം. വിദ്യാർഥിനികൾക്കുണ്ടായ മാനസികവും യാത്രാപരവുമായ ദുരിതങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. ടിക്കറ്റ് തുക കൈപ്പറ്റിയിട്ടും യാത്ര പൂർത്തിയാക്കാത്ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിശദീകരണം നൽകണം.
പൊതുജനങ്ങളുടെ പണം വാങ്ങി സേവനം നൽകുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇത്തരം നിരുത്തരവാദപരമായ സമീപനം അംഗീകരിക്കാനാവില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഉത്തരവാദിത്തം നിർവഹിക്കുന്നതിലും വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും എ. കാജാ ഹുസൈൻ മുന്നറിയിപ്പ് നൽകി.

