ജാമ്യത്തിലിറങ്ങി മണിക്കൂറുകൾക്കകം മറ്റൊരു തല്ല് കേസ്. കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു
പാലക്കാട് : കഞ്ചിക്കോട് ഒട്ടേറെ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ജാമ്യത്തിലിറങ്ങി മണിക്കൂറുകൾക്കുള്ളിൽ കഞ്ചിക്കോട്ടെ വ്യാപാര സ്ഥാപനത്തിൽ കയറി സാധനങ്ങൾ വാങ്ങാനെത്തിയവരെ മർദിക്കുകയും വ്യാപാര സ്ഥാപന ഉടമയുടെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായി.
കഞ്ചിക്കോട് കെടിസി മൈത്രിനഗർ സ്വദേശി ഷാഹിൻ (35) ആണ് അറസ്റ്റിലായത്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെയാണു സംഭവം. ഇയാൾക്കെതിരെ ഇരുപതിലേറെ കേസുകളുണ്ടെന്നാണു പൊലീസ് പറയുന്നത്.
ഒരു മാസം മുൻപ് നഗരത്തിലെ ബാറിലുണ്ടായ അടിപിടി കേസിൽ നോർത്ത് പൊലീസ് ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ജാമ്യത്തിലിറങ്ങിയത്. രാത്രിയോടെ വീട്ടിലേക്കു പോകുമ്പോഴാണ് കഞ്ചിക്കോട്ടെ വ്യാപാര സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ബി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേരത്തെ വാളയാർ സ്റ്റേഷൻ പരിധിയിൽ പത്തനംതിട്ട സ്വദേശികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് മർദിച്ചു പണവും ആഭരണവും കവർന്ന കേസിൽ മുഖ്യപ്രതിയായ ഷാഹിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യംലഭിച്ചെങ്കിലും നഗരത്തിലെ ബാറിലുണ്ടായ അടിപിടിക്കേസിൽ വീണ്ടും പ്രതിയെ റിമാൻഡ് ചെയ്തു. ഇതിൽ ജാമ്യംലഭിച്ചു പുറത്തിറങ്ങി വരുമ്പോഴാണു വീണ്ടും പിടിയിലായത്
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."