തൃശ്ശൂരിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തൃശ്ശൂർ: ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശിനിയായ ഉണ്ണിമായ (30)യാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉണ്ണിമായ ജോലിക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ഭർത്താവുമായി വഴക്കുണ്ടായതെന്ന് വിവരങ്ങൾ. തുടർന്ന് മുറിയിൽ അനങ്ങാതെയായ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
ഭർത്താവിന്റെ അമ്മയും നാട്ടുകാരും ചേർന്ന് ഉണ്ണിമായയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ വീട്ടിൽനിന്ന് പുറത്തേക്ക് പോയ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപും ദമ്പതികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണു നാട്ടുകാർ പറയുന്നത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

