ചിലവ് ചുരുക്കൽ പദ്ധതി തടവുകാരന്റെ ഭക്ഷണ പാത്രത്തിൽ കൈയ്യിട്ടാവരുത്: എസ്.പി. അമീർ അലി

പാലക്കാട്: കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് നൽകിവരുന്ന ഭക്ഷണക്രമത്തിൽ നിന്ന് മീനും മട്ടനും ഒഴിവാക്കാനുള്ള ജയിൽ ഡി.ജി.പിയുടെ ശുപാർശയ്ക്കെതിരെ ശക്തമായ വിമർശനവുമായി എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം എസ്.പി. അമീർ അലി. ചെലവ് ചുരുക്കുന്നതിന്റെ പേരിൽ തടവുകാരുടെ ഭക്ഷണത്തിൽ കുറവ് വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ സെൻട്രൽ ജയിലുകളിൽ തടവുകാർക്കായി ചപ്പാത്തി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും വിവിധ കാർഷിക ഉൽപ്പന്നങ്ങളും നിർമ്മിച്ച് വിതരണം ചെയ്യുന്നതിലൂടെ സർക്കാരിന് വർഷത്തിൽ ഒരു കോടിയിലധികം രൂപയുടെ വരുമാനം ലഭിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ജയിലുകളുടെ പ്രവർത്തനങ്ങളിലൂടെ സർക്കാരിന് വരുമാനം ലഭിക്കുന്ന സാഹചര്യത്തിൽ, ചെലവ് ചുരുക്കലിന്റെ പേരിൽ തടവുകാരുടെ ഭക്ഷണക്രമത്തിൽ അശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തുന്നത് വിരോധാഭാസമാണെന്നും അമീർ അലി ചൂണ്ടിക്കാട്ടി.
ജയിലുകളിൽ കഴിയുന്നവരിൽ മഹാഭൂരിപക്ഷവും വിചാരണത്തടവുകാരാണ്. കുറ്റക്കാരാണെന്ന് കോടതി അന്തിമമായി കണ്ടെത്തുന്നതിന് മുമ്പ് വിചാരണയുടെ ഭാഗമായി റിമാൻഡിൽ കഴിയുന്നവരാണ് ഇവരിൽ വലിയൊരു വിഭാഗം. ശിക്ഷിക്കപ്പെട്ടവരിൽ പോലും മേൽക്കോടതികളിൽ അപ്പീലുകൾ നിലനിൽക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ തടവുകാരുടെ ഭക്ഷണം നിഷേധിക്കുകയോ പോഷകാഹാരത്തിൽ കുറവ് വരുത്തുകയോ ചെയ്യുന്നത് ഗുരുതരമായ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
തടവുകാരന് പ്രോട്ടീൻ അടങ്ങിയ പോഷകാഹാരം നൽകേണ്ടത് ജയിൽ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. കാലാകാലങ്ങളായി നൽകിവരുന്ന ഭക്ഷണക്രമത്തിൽ ശാസ്ത്രീയമായ പഠനങ്ങളോ ആവശ്യമായ വിലയിരുത്തലുകളോ ഇല്ലാതെ മാറ്റം വരുത്തുന്നത് തടവുകാരുടെ ആരോഗ്യത്തെയും മനുഷ്യാവകാശങ്ങളെയും ബാധിക്കുന്ന നടപടിയാകുമെന്നും അമീർ അലി വ്യക്തമാക്കി.
കുറ്റം ചെയ്തുവെന്ന് നിയമത്തിന്റെ എല്ലാ നടപടിക്രമങ്ങൾക്കും ശേഷം തെളിയിക്കപ്പെട്ട ഒരാൾക്കുപോലും മനുഷ്യാവകാശങ്ങളും മനുഷ്യാന്തസ്സും നിഷേധിക്കാനാകില്ല. ഒരാൾ ജയിലിൽ പ്രവേശിച്ചു എന്നതുകൊണ്ടോ ശിക്ഷിക്കപ്പെട്ടു എന്നതുകൊണ്ടോ അയാളുടെ മൗലികാവകാശങ്ങൾ പൂർണമായി ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി വിവിധ വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയിലിന്റെ കവാടം കടക്കുമ്പോൾ ഒരാളുടെ മൗലികാവകാശങ്ങൾ അയാളെ വിട്ടുപോകുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ മനുഷ്യാന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. ശിക്ഷ എന്നത് ഒരാളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതിനാണ്; മനുഷ്യത്വം എടുത്തുകളയുന്നതിനല്ലെന്നും അമീർ അലി പറഞ്ഞു.
ആഴ്ചയിൽ രണ്ടുനേരം മീനും ഒരുനേരം 100 ഗ്രാം മട്ടനും നൽകുന്നത് തടവുകാരന് നൽകുന്ന ആഡംബരമായി കാണാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടത് സ്വാതന്ത്ര്യം നഷ്ടപ്പെട്ട് നാലു ചുവരുകൾക്കുള്ളിൽ കഴിയുന്ന മനുഷ്യന്റെ ഭക്ഷണപ്പാത്രത്തിൽ കൈയിട്ടുകൊണ്ടാകരുത്.
ചെലവ് ചുരുക്കാൻ സർക്കാരിന് നിരവധി മാർഗങ്ങളുണ്ട്. എന്നാൽ അതിന്റെ പേരിൽ ജയിലിലെ മനുഷ്യന്റെ ഭക്ഷണത്തിൽ കുറവ് വരുത്തുന്നത് അംഗീകരിക്കാനാകില്ല. കാലാകാലമായി നിലനിൽക്കുന്ന ഭക്ഷണക്രമം മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നും തടവുകാരുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കണമെന്നും എസ്.പി. അമീർ അലി ആവശ്യപ്പെട്ടു.
കേരളത്തിലെ ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളാകേണ്ടതിന് പകരം അഴിമതിക്കും ക്രമക്കേടുകൾക്കും ഇടയാക്കുന്ന കേന്ദ്രങ്ങളായി മാറുന്നുവെന്ന ആരോപണങ്ങൾക്കിടയിൽ, തടവുകാരുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

