കേരളത്തോടുള്ള കേന്ദ്ര റെയിൽവേ അവഗണന അവസാനിപ്പിക്കണം: റോയ് അറയ്ക്കൽ

പാലക്കാട് :കേന്ദ്ര റെയിൽവേ മന്ത്രാലയം കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ആവശ്യപ്പെട്ടു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് അർഹമായ റെയിൽവേ വികസന പദ്ധതികളും പുതിയ ട്രെയിൻ സർവീസുകളും അടിസ്ഥാന സൗകര്യ വികസനവും അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണം.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും ജനങ്ങളുടെ ദൈനംദിന യാത്രയിലും നിർണായക പങ്കുവഹിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് കാലാനുസൃതമായ വികസനം അനിവാര്യമാണ്. എന്നാൽ കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായ പരിഗണന നൽകാതെ ഡിവിഷനുകളുടെ അധികാരവും വരുമാനവും വെട്ടിക്കുറയ്ക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ല. പാലക്കാട് ഡിവിഷന്റെ വിഭജനം യാത്രക്കാർക്കും ജീവനക്കാർക്കും വ്യാപാര മേഖലയ്ക്കും പാലക്കാട് ഉൾപ്പെടെയുള്ള മലബാർ മേഖലയിലെ റെയിൽവേ വികസനത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. അഷ്റഫ് സ്വാഗതം പറഞ്ഞു.
പാലക്കാട് ജില്ലാ പ്രസിഡന്റ് ഷരീഫ് പട്ടാമ്പി, സംസ്ഥാന കമ്മിറ്റി അംഗം വി.എം. ഫൈസൽ, വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുലൈഖ റഷീദ് എന്നിവർ സംസാരിച്ചു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം നന്ദി രേഖപ്പെടുത്തി.
ജില്ല നേതാക്കളും പ്രവർത്തകരും ധർണയിൽ പങ്കെടുത്തു.


