ആസിഫ് റെസൈലൻസ് എക്സലൻസ് അവാർഡ് നിഖിൽ ജോണിക്ക്

തൃശൂർ: അങ്കൈലോസിങ് സ്പോണ്ടിലൈറ്റിസ് ഇന്ത്യൻ ഫെഡറേഷൻ (ആസിഫ്) സംസ്ഥാന പ്രസിഡന്റും അങ്കൈലോസിങ് സ്പോണ്ടിലൈറ്റിസ് രോഗത്തോട് പൊരുതി മുന്നേറുന്ന പോരാളിയുമായ നിഖിൽ ജോണിക്ക് ഈ വർഷത്തെ ‘ആസിഫ് റെസൈലൻസ് എക്സലൻസ് അവാർഡ്’. അങ്കൈലോസിങ് സ്പോണ്ടിലൈറ്റിസ് ബാധിതരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകളും നിസ്വാർത്ഥ സേവനങ്ങളും പരിഗണിച്ചാണ് പുരസ്കാരം.
രോഗബാധിതരുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ടറിയുകയും അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന നിഖിൽ ജോണിയുടെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. കടുത്ത വേദനയും ജീവിതപ്രതിസന്ധികളും നേരിടുന്ന രോഗികളുടെ വീടുകളിൽ നേരിട്ടെത്തി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സ്ക്വാഡ് പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.
വെറും സേവന പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ ഓരോ രോഗിയുമായും ആത്മബന്ധം സ്ഥാപിച്ച് കുടുംബാംഗത്തെപ്പോലെ കൂടെ നിൽക്കാനും മാനസിക സംഘർഷങ്ങൾ അതിജീവിക്കാൻ അവരെ പ്രചോദിപ്പിക്കാനും നിഖിൽ ജോണി നിരന്തരം ഇടപെടുന്നു. രോഗം മൂലം ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകില്ലെന്ന് കരുതിയ നിരവധി പേരെ ആത്മവിശ്വാസത്തോടെ മുന്നോട്ടുനയിക്കാനും പുതിയ ജീവിതത്തിന്റെ പ്രതീക്ഷ പകർന്നുനൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
തൃശൂർ ശക്തൻ എൽ.ഐ.സി.യിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടയിലും സ്വന്തം ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ചുകൊണ്ടാണ് നിഖിൽ ജോണി ആസിഫിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സഹപ്രവർത്തകർക്കും അങ്കൈലോസിങ് സ്പോണ്ടിലൈറ്റിസ് ബാധിതർക്കും ഒരുപോലെ ഊർജവും പ്രചോദനവുമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
രോഗബാധിതരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം, പ്രതിസന്ധികളെ അതിജീവിച്ച് മറ്റുള്ളവർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന മാതൃകാപരമായ ഇടപെടലുകൾ കൂടി പരിഗണിച്ചാണ് ആസിഫ് കൂട്ടായ്മ നിഖിൽ ജോണിയെ ഈ വർഷത്തെ റെസൈലൻസ് എക്സലൻസ് അവാർഡിനായി തിരഞ്ഞെടുത്തത്.

