ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മൂമ്മ പൊലീസ് കസ്റ്റഡിയിൽ

എറണാകുളം :അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയെയാണ് ദാരുണമായി മരിച്ചത്. കഴുത്തിന് മുറിവേറ്റ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പൊലീസ് അന്വേഷണം തുടങ്ങി.
കുഞ്ഞിന്റെ അമ്മൂമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മൂമ്മയുടെ അരികിൽ കിടത്തിയിരിക്കുകയായിരുന്നു കുഞ്ഞിനെ. സംഭവം നടക്കുമ്പോൾ റുത്ത് അടുക്കളയിലായിരുന്നു. അവർ വന്ന് നോക്കുമ്പോഴാണ് കുഞ്ഞിന്റെ കഴുത്തിൽ നിന്ന് ചോര വരുന്നത് കണ്ടത്. തുടർന്ന് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
റൂത്തും ആന്റണിയും അമ്മൂമ്മയുമാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് അമ്മൂമ്മ എന്ന വിവരവും പുറത്തുവരുന്നുണ്ട്. അങ്കമാലി അപ്പോളോ ആശുപത്രിയിലാണ് കുഞ്ഞിന്റെ മൃതദേഹമുള്ളത്.

