വിവരാവകാശ അപേക്ഷകർ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ

പാലക്കാട്: വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്ന് പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. വിവരാവകാശ നിയമപ്രകാരം നിശ്ചിത ഫീസ് അടച്ച് വിവരങ്ങൾ തേടുന്ന വ്യക്തിയെ ‘ഉപഭോക്താവ്’ ആയി കണക്കാക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകിയില്ലെന്നാരോപിച്ച് പാലക്കാട് മുനിസിപ്പാലിറ്റി സെക്രട്ടറിക്കെതിരെ ഒരാൾ നൽകിയ പരാതിയാണ് കമ്മീഷൻ പരിഗണിച്ചത്. എന്നാൽ വിവരാവകാശ നിയമപ്രകാരം ഫീസ് അടച്ച് വിവരങ്ങൾ തേടുന്ന അപേക്ഷകൻ ഉപഭോക്താവിന്റെ നിർവചനത്തിൽപ്പെടില്ലെന്നും, ഫീസ് സ്വീകരിച്ച് വിവരം നൽകുന്ന ഇൻഫർമേഷൻ ഓഫീസറെ സർവീസ് പ്രൊവൈഡർ ആയി കാണാനാകില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി കമ്മീഷൻ തള്ളിയത്. ഈ വിഷയത്തിൽ ദേശീയ ഉപഭോക്തൃ കമ്മീഷന്റെ മൂന്നംഗ ബെഞ്ച് 2015-ൽ പുറപ്പെടുവിച്ച വിധിയും പരാമർശിച്ചുകൊണ്ടാണ് പാലക്കാട് ജില്ലാ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

