കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; അമ്മൂമ്മ സംശയത്തിന്റെ നിഴലിൽ

എറണാകുളം: അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശത്ത് ഞെട്ടലുണ്ടാക്കി. ആൻറണി–റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മരിയം സാറയാണ് മരിച്ചത്.
രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. അമ്മൂമ്മയുടെ ആവശ്യപ്രകാരം കഞ്ഞിയെടുക്കാനായി അമ്മ അടുക്കളയിലേക്ക് പോയത്. കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്ത് കിടത്തിയാണ് അമ്മ പോയത്. തിരികെ എത്തിയപ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു, എന്ന് മുൻ പഞ്ചായത്ത് മെമ്പർ കെ.പി. അയ്യപ്പൻ പറഞ്ഞു.
ഉടൻ കുഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ആദ്യം കുഞ്ഞിന് ചെറിയ മുറിവ് മാത്രമാണെന്ന് കരുതിയെങ്കിലും, ഓക്സിജൻ നൽകുന്നതിനിടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് ആശുപത്രി അധികൃതർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് അമ്മൂമ്മയായ റോസിയായിരുന്നു. ഡിപ്രഷന് മരുന്ന് കഴിക്കുന്ന ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ അമ്മൂമ്മയ്‌ക്കെതിരെയാണ് സംശയത്തിന്റെ നിഴൽ വീണിരിക്കുന്നത്, എന്നാൽ കുടുംബ പ്രശ്നങ്ങളൊന്നുമില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുള്‍പ്പെടെ എല്ലാവരുടെയും മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച വ്യക്തതയ്ക്ക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പോലീസ്.

