ലീഗ് നേതാവ് ബി.ജെ.പിയിൽ ചേർന്നു; എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കും

പാനൂർ (കണ്ണൂർ): പെരിങ്ങത്തൂരിലെ മുസ്‌ലിം ലീഗ് നേതാവ് ഉമർ ഫാറൂഖ് കീഴ്പ്പാറ പാർട്ടിയിൽ നിന്നും രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സൗത്ത് ജില്ല പ്രസിഡന്റ് ബിജു എളക്കുഴിയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് ഔദ്യോഗികമായി ബി.ജെ.പിയിലേക്ക് പ്രവേശിച്ചത്.
പാനൂർ നഗരസഭയിലെ 16ാം വാർഡായ പുല്ലൂക്കരയിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി ഉമർ ഫാറൂഖ് മത്സരിക്കും. മുസ്‌ലിം ലീഗ് പെരിങ്ങത്തൂർ ടൗൺ പ്രസിഡന്റായിരുന്ന മുഹമ്മദലി കീഴ്പ്പാറയുടെ മകനാണ് അദ്ദേഹം.
പാർട്ടിയിലുണ്ടായ ഗ്രൂപ്പിസത്തിലാണ് രാജിയിലേക്ക് നയിച്ചതെന്ന് ഉമർ ഫാറൂഖ് പറഞ്ഞു. ദേശീയ തലത്തിൽ ശക്തി നേടിയെടുക്കുന്ന പാർട്ടിയാണ് ബി.ജെ.പി എന്നതാണ് തന്റെ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണം എന്നും വ്യക്തമാക്കി.
അതേസമയം, പ്രാദേശിക തലത്തിൽ ഈ നീക്കത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
ഉടൻ ലഭിക്കാവുന്ന രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് പാർട്ടി മാറിയ നടപടിയാണിത് എന്നതാണ് വിമർശകരുടെ ആരോപണം. ചിലർ ഇതിനെ “നല്ല രാഷ്ട്രീയ സംസ്കാരത്തിന് വിരുദ്ധമായ പ്രവൃത്തി” എന്ന നിലയിലും കാണുന്നുണ്ട്.
പ്രവേശന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ, മുൻ ജില്ല പ്രസിഡന്റ് എൻ. ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, ജില്ലാ ട്രഷറർ അനിൽകുമാർ, മേഖല സെക്രട്ടറി ധനഞ്ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി എ.പി. നിഷാന്ത് എന്നിവർ പങ്കെടുത്തു.
