യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.ജെ.പിയിൽ

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബി.ജെ.പിയിൽ ചേർന്നു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ. സൂരജാണ് അഖിൽ ഓമനക്കുട്ടനെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അടക്കം നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. കുറച്ചുനാളുകളായിപാർട്ടിയുമായി അകൽച്ചയിലായിരുന്നു. അതേസമയം, സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി കോൺഗ്രസ് അനുകൂല പോസ്റ്ററുകൾ ഇയാൾ പങ്കുവെച്ചിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിന് മണിക്കൂറുകൾക്ക് മുമ്പുവരെ നിരവധി കോൺഗ്രസ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതിനിടെ, പാലക്കാട്ടെ മുതിർന്ന ബി.ജെ.പി നേതാവും ദേശീയ കൗൺസിൽ അംഗവുമായ എൻ. ശിവരാജന്‍റെ മരുമകൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി രംഗത്തെത്തി. എൻ.സി.പി പ്രതിനിധി ആർ. അജയനാണ് പാലക്കാട് നഗരസഭയിലെ വെണ്ണക്കര വാർഡിൽ മത്സരിക്കുന്നത്. കഴിഞ്ഞതവണ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. എൻ.സി.പി ജില്ല പ്രസിഡന്റ് എ. രാമസ്വാമിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തവണ രംഗത്തെത്തിയത്.
