കരിപ്പൂർ സ്വർണവേട്ട: പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ; വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ അധികാരം കസ്റ്റംസിന് മാത്രം

എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണകടത്ത് കേസുകളിൽ പൊലീസിന്റെ ഇടപെടൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിമാനത്താവള പരിസരത്തോ കസ്റ്റംസ് ഏരിയയ്ക്ക് ഉള്ളിലെങ്കിലും സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ലെന്നും, ഇത്തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ കസ്റ്റംസിനെ അറിയിക്കണമെന്നുമാണ് കസ്റ്റംസ് നിലപാട്.
കോളിക്കറ്റ് കസ്റ്റംസ് (പ്രിവൻറീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് സത്യവാങ്മൂലം സമർപ്പിച്ചത്. പിടിച്ചെടുത്ത സ്വർണം പൊലീസ് നിയമവിരുദ്ധമായി ഉരുക്കുന്നതായും, മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ വ്യക്തികളുടെ എക്‌സ്-റേ പരിശോധന നടത്തുന്നതായും കസ്റ്റംസ് ആരോപിച്ചു.
കസ്റ്റംസ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ച പ്രധാന വിവരങ്ങൾ:
പൊലീസിന്റെ പിടിയിലാകുന്ന സ്വർണക്കടത്ത് കേസുകൾ കസ്റ്റംസിന് കൈമാറുന്നില്ല.
കരിപ്പൂർ സ്റ്റേഷനിൽ മാത്രം 170 സ്വർണക്കടത്ത് കേസുകളുള്ളപ്പോൾ, കസ്റ്റംസിന് കൈമാറിയത് 6 എണ്ണം മാത്രം.
134 കേസുകളുടെ വിവരങ്ങൾ കസ്റ്റംസ് മഞ്ചേരി കോടതിയിൽ നിന്നാണ് ശേഖരിച്ചത്.
പൊലീസിന്റെ ഇടപെടൽ കസ്റ്റംസ് നടത്തുന്ന അന്വേഷണത്തെ ദുർബലപ്പെടുത്തുന്നുവെന്നും ഹൈക്കോടതിയെ അറിയിച്ചു.
കരിപ്പൂരിലെ സ്വർണവേട്ട വിവാദത്തിൽ ഇരുവിഭാഗങ്ങളുടെയും നിലപാടുകൾ കോടതിയിൽ വീണ്ടും പരിശോധിക്കപ്പെടും.

