സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ സംഭവം; ഒരു കുട്ടി കൂടി മരിച്ചു

പത്തനംതിട്ട:കോന്നി സ്കൂൾകുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ സംഭവത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസുകാരനായ യദുകൃഷ്ണനാണ് മരിച്ചത്. അപകടത്തിനുശേഷം കുട്ടിയെ കാണാതായിരുന്നു. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
നേരത്തെ രണ്ടാം ക്ലാസുകാരി ആദിലക്ഷ്മി എന്ന കുട്ടി മരിച്ചിരുന്നു. ഒരു കുട്ടിയെ കാണാതായ സംശയം അധ്യാപിക ആ സമയത്ത് പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫയര്‍ഫോഴ്സ് അന്വേഷണമാരംഭിച്ചത്.
ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. റോഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം. ഓട്ടോ ഡ്രൈവര്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലാണ്.
കരിമാൻതോട് തൂമ്പാക്കുളം പ്രദേശത്ത് വച്ച് ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. പ്രദേശം ഒരു വനഭൂമിയാണ്. വൈകുന്നേരം സ്കൂളിൽ നിന്ന് 6 കുട്ടികളുമായി പോയ ഓട്ടോയാണ് മറിഞ്ഞത്. ഹൈറേഞ്ച് പ്രദേശത്തുന്ന് വീണ ഓട്ടോ താഴേക്ക് മലക്കംമറിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്നയുടൻ കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു.
