കൈക്കൂലി വാങ്ങുമ്പോൾ എൻജിനീയർ പി.എം. വിൽസൻ വിജിലൻസ് പിടിയിൽ

എറണാകുളം:അങ്കമാലിയിലെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ ഓഫിസിലെത്തിയ പരാതിക്കാരനിൽനിന്ന് വിൽസൺ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇതോടെ നാല് പ്രവർത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസ്സുകളിൽ നാല് സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയതായി വിജിലൻസ് അധികൃതർ അറിയിച്ചു. ഭൂമി തരം മാറ്റുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫിസിലെ വില്ലേജ് ഓഫിസർ കെ.ആർ. ഉല്ലാസ് മോൻ, പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റും വേങ്ങൂർ സ്വദേശിയുമായ എം.എൻ. ജിബി മാത്യു, ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ആലപ്പുഴ മാന്നാർ കുട്ടംപേരൂർ-കുന്നത്തൂർ ശ്രീദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലെ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ്-ഗ്രൂപ്പ് ഓഫിസറുമായ ശ്രീനിവാസനെയുമാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
“കരാർജോലി ചെയ്യുന്നതിന് സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ലഭിക്കുന്നതിന് ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷന്‍റെ അങ്കമാലി ഓഫിസിൽ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കഴിഞ്ഞിട്ടും അപേക്ഷയിൽ തുടർ നടപടിയുണ്ടായില്ല. തുടർന്ന് പരാതിക്കാരൻ ഓഫിസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയറായ വിൽസനെ നേരിൽ കണ്ട് സംസാരിച്ചു. എന്നാൽ ലൈസൻസ് അനുവദിക്കണമെങ്കിൽ കൈക്കൂലിയായി 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. തുക തിങ്കളാഴ്ച ഓഫിസിൽ നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ പരാതിക്കാരന് താൽപര്യമുണ്ടായില്ല. തുടർന്ന് ഇക്കാര്യം പരാതിക്കാരൻ വിശദമായി എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടർന്ന് എസ്.പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചക്ക് 12.35ഓടെ വലയിലാകുന്നത്”
