തീഹാർ ജയിലിൽ കഴിയുന്ന ഇ.എം. അബ്ദുറഹ്മാനെ വിദഗ്ധ ചികിത്സക്ക് വിടണമെന്ന് ‘ജസ്റ്റിസ് ഫോർ പ്രസ ണേഴ്സ്’ ആവശ്യപ്പെട്ടു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ 2022 സെപ്റ്റംബർ മുതൽ തീഹാർ ജയിലിൽ തടങ്കലിൽ കഴിയുന്ന ഇ.എം. അബ്ദുറഹ്മാന്റെ ആരോഗ്യനില ഗുരുതരമാകുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന് ഉടൻ തന്നെ ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യവുമായി ജസ്റ്റിസ് ഫോർ പ്രസണേഴ്സ് രംഗത്തെത്തി.
ഡിസംബർ 4-ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുറഹ്മാനെ ജയിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് ആഞ്ജിയോഗ്രാം ഉൾപ്പെടെയുള്ള തുടർ ചികിത്സ അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും, പ്രത്യേക ചികിത്സയ്ക്കായി ജയിലിന് പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിൽ അധികാരികൾ മടിച്ചുനിൽക്കുന്നതായി സംഘടന ആരോപിക്കുന്നു.
തടവിലാക്കിയ വ്യക്തികൾക്ക് ചികിൽസ നിഷേധിക്കുന്ന പ്രവണത ഇന്ത്യൻ തടവറകളിൽ പതിവാകുന്നതായി ജസ്റ്റിസ് ഫോർ പ്രസണേഴ്സ് ചൂണ്ടിക്കാട്ടി. ഇതുവരെ അബ്ദുറഹ്മാനെ പുറംചികിത്സയ്ക്ക് അയക്കാത്തതിൽ അവർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. തടവുകാരന്റെ ജീവൻ സംരക്ഷിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അവർ ആവശ്യപ്പെട്ടു.
അബ്ദുറഹ്മാനെ ഉടൻ തന്നെ വിദക്ത ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്നും വൈകുന്നതിന് ഉത്തരവാദിത്വം അധികാരികളുടേതായിരിക്കുമെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
