“എന്ത് നീതി? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പാർവതി തിരുവോത്ത്”

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. എന്ത് നീതി? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശനും റിമ കല്ലിങ്കലും രംഗത്തുവന്നിരുന്നു. അവൾക്കൊപ്പം എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവെച്ചിരിക്കുന്നത്. അവൾക്കൊപ്പ എന്നെഴുതിയ ചിത്രത്തിനൊപ്പം എപ്പോഴും മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോൾ എന്നും റിമ കുറിച്ചു. തുടക്കം മുതൽക്കേ അതിജീവിതക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാർവതിയും രമ്യയും.
എറണാകുളം പ്രിൻസപ്പൽ സെഷൻസ് കോടതിയാണ് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. യുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിന്റെ വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും.
എൻ.എസ് സുനിൽ(പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൾ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
