മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

എറണാകുളം: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് കാരണമാണ് മരണം സംഭവിച്ചതെന്നാണ് റിപോര്‍ട്ടിലുള്ളത്. ശരീരത്തില്‍ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയില്‍ അടിയേറ്റതിന്റെ ഒന്നില്‍ കൂടുതല്‍ പാടുകള്‍ ഉണ്ട്. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ചിത്രപ്രിയയുടെ കാമുകന്‍ അലന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.സംശയത്തെ തുടര്‍ന്ന് അലന്‍ മദ്യലഹരിയില്‍ കല്ലുകൊണ്ട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കൊലപാതകകുറ്റം നിഷേധിച്ച അലന്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.
ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കാണാതായത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്. ചിത്രപ്രിയയെ ശനിയാഴ്ച കാണാതായതിനെ തുടര്‍ന്ന് കാലടി പോലിസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മലയാറ്റൂര്‍ ഭാഗത്തു വെച്ച് കാണാതായി എന്നതായിരുന്നു പരാതി. സെബിയൂരിലെ പറമ്പില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ചൊവ്വാഴ്ച നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

