സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡിവൈഎഫ്ഐ നേതാവിന്റെ തലക്ക് വെട്ടി ആര്‍എസ്എസുകാര്‍

ആലപ്പുഴ: ബിജെപി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ ജില്ലാ ജോയൻ്റ് സെക്രട്ടറിയെ വധിക്കാൻ ശ്രമം. സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന കെ ആർ രാംജിത്തിനെയാണ് നീലംപേരൂർ ഗ്രാമ പഞ്ചായത്ത് ബിജെപി അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.15 ഓടെയായിരുന്നു ആക്രമണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ നീലംപേരൂർ പഞ്ചായത്ത് ഭരണം കിട്ടിയതിനെ തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിലൂടെനീളം സിപിഐ എമ്മിനെ ബിജെപി വെല്ലുവിളിക്കുകയായിരുന്നു. സിപിഐ എം പ്രവർത്തകരെ പഞ്ചായത്തിൻ്റെ പടി ചവിട്ടിക്കില്ലെന്നായിരുന്നു ഭീഷണി. നീലംപേരൂർ പഞ്ചായത്ത് 10-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഗിരിജ കെ മേനോൻ പരാജയപ്പെട്ടിരുന്നു. ബിജെപിക്കായിരുന്നു ഇവിടെ ജയം. തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥയുടെ വീടിനു നേരെ പടക്കമെറിഞ്ഞിരുന്നു.
ഇതിൻ്റെ തുടർച്ചയെന്നോണം ബിജെപി പഞ്ചായത്ത് അംഗങ്ങളായ വിനയചന്ദ്രൻ, രാഗേഷ് പണിക്കർ, ആതുൽ രവി എന്നിവരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ഗിരിജയുടെ വീട്ടിലെത്തി ബഹളം വച്ചു. വീട്ടുകാർ അറിയിച്ചതിനെതുടർന്ന് വിവരം അന്വേഷിക്കാൻ എത്തിയ രാംജിത്തിനെയും ഡിവൈഎഫ്ഐ കുട്ടനാട് ഏരിയ പ്രസിഡൻ്റ് എ ആർ രഞ്ജിത്തിനെയും സംഘം മർദിച്ചു. ദണ്ഡ് ഉപയോഗിച്ചുള്ള അടിയിൽ രാംജിത്തിൻ്റെ തലക്ക് ഗുരുതരമായ മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ കൈനടി പൊലിസ് കേസെടുത്തു

