കള്ളനെന്നാരോപിച്ച് ആള്‍ക്കൂട്ട മർദനം; പാലക്കാട് വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ


പാലക്കാട്:
കള്ളനെന്നാരോപിച്ച് ആള്‍ക്കൂട്ടം മർദിച്ചതിനെ തുടർന്ന് പാലക്കാട് വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ആണ് മരിച്ചത്. പ്രദേശവാസികളിൽ ചിലർ ചേർന്നാണ് ഇയാളെ മർദിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മർദനമേറ്റ് ഗുരുതരമായി അവശനായ രാംനാരായണനെ ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ രാത്രി വൈകിയോടെ മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട മർദനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പിന്നിലെ യഥാർത്ഥ സാഹചര്യങ്ങളും മറ്റ് പ്രതികളുടെ പങ്കും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
രാംനാരായണന്റെ മൃതദേഹം നാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച വ്യക്തത ഉണ്ടാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

