കസ്റ്റഡിയില്‍ ദലിത് യുവാവിന്റെ മരണം; പോലീസിനെതിരെ പീഡനാരോപണം

ചെന്നൈ: ശിവഗംഗ ജില്ലയില്‍ 26കാരനായ ദലിത് യുവാവ് പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസണ്‍ എന്ന ബിരുദധാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു.
രണ്ട് പേരുമായി തര്‍ക്കത്തിലേര്‍പ്പെട്ട് ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു ആകാശിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. മാര്‍ച്ച് ആറിനാണ് സംഭവം. ആകാശിനൊപ്പം മറ്റൊരാള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും മജിസ്‌ട്രേറ്റ് മാര്‍ച്ച് 18 വരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ഇതിനിടെ ഞായറാഴ്ചയാണ് ആകാശ് മരിച്ചത്. മകന്‍ മരിക്കാന്‍ കാരണം പോലിസ് കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയില്‍ വെച്ച് കണ്ടപ്പോള്‍ ആകാശ് തന്നെ കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്ന് പറഞ്ഞതായി കുടുംബം പറയുന്നു. രണ്ട് കല്ലുകള്‍ക്കിടയില്‍ കാല്‍ കുരുക്കി വെച്ച് പോലിസ് മര്‍ദിച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ആകാശിന് പരിക്കുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലിസ് വ്യക്തമാക്കി. ആദ്യം ശിവഗംഗ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആകാശിനെ ആരോഗ്യനില വഷളായതോടെ രാജാജി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും പോലിസ് അറിയിച്ചു.
സംഭവത്തില്‍ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് NDTV റിപ്പോര്‍ട്ട് ചെയ്തു.

