വാടക വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ

കോട്ടയം: വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപമുള്ള വാടകവീട്ടിലാണ് സംഭവം. സാജൻ (33), ഭാര്യ വാഴൂർ സ്വദേശി അനുഷ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടാം നിലയിലെ വാടകവീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രി വീട്ടിൽ നിന്ന് വഴക്ക് കേട്ടിരുന്നതായി പരിസരവാസികൾ പറയുന്നു. രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്നു. കുട്ടി ഉറക്കം ഉണർന്ന് കരയുന്നത് കേട്ടതിനെ തുടർന്ന് വീട്ടുടമസ്ഥർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതിനാൽ പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


