പാലക്കാട്ട് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയുടെ പോസ്റ്റുമോർട്ടം ഇന്ന്

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായണൻ ഭയ്യാർ (31)യുടെ പോസ്റ്റുമോർട്ടം ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.
ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന രാമനാരായണനെ മോഷ്ടാവാണെന്ന സംശയത്തിൽ ആൾക്കൂട്ടം തടഞ്ഞുവെച്ച് ചോദ്യം ചെയ്യൽ എന്ന പേരിൽ ക്രൂരമായി മർദിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശിയാണോയെന്ന് ചോദിച്ചും മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനിടെ രക്തം വാർന്ന് യുവാവ് റോഡിൽ വീണു. ഒന്നര മണിക്കൂറിലധികം അവശനിലയിൽ റോഡിൽ കിടന്ന ശേഷമാണ് ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രാത്രിയോടെ മരണം സംഭവിച്ചു.
മർദന സമയത്ത് രാമനാരായണൻ മദ്യപിച്ചിരുന്നതായി പറയുന്നു. എന്നാൽ, ഇയാളുടെ കൈവശം മോഷണവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിയേറ്റ പാടുകളുണ്ടെന്നും, മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ ഒൻപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ആക്രമണത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
ആൾക്കൂട്ട വിചാരണയും ആക്രമണവും കേരളത്തിൽ വീണ്ടും ചർച്ചയാകുകയാണ്. 2018-ൽ അട്ടപ്പാടിയിൽ മധുവിനെ മോഷണം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു. ആ കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടും സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.


