പോലീസ് നടപടികൾ വീഡിയോ പകർത്താൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്; തടയാനാവില്ല

കൊച്ചി: പൊതുസ്ഥലങ്ങളിലും പോലീസ് സ്റ്റേഷനുകളിലും നടക്കുന്ന പോലീസ് നടപടികൾ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണിൽ വീഡിയോ/ഓഡിയോ രൂപത്തിൽ പകർത്താൻ നിയമപരമായ അവകാശമുണ്ടെന്ന് വ്യക്തം. ഇത്തരം ചിത്രീകരണം തടയാൻ പോലീസിന് അധികാരമില്ല. കേരള പോലീസ് ആക്ട് 2011-ലെ വകുപ്പ് 33(2) പ്രകാരം, ഒരു പോലീസ് ഉദ്യോഗസ്ഥനും പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടക്കുന്ന പോലീസ് പ്രവർത്തനങ്ങളുടെ ഓഡിയോ, വീഡിയോ, ഇലക്ട്രോണിക് റെക്കോർഡിംഗ് പൊതുജനങ്ങൾ നിയമവിധേയമായി എടുക്കുന്നതിൽ തടസം സൃഷ്ടിക്കരുത്.
പൊതുസ്ഥലത്തെ പോലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിനെ അന്വേഷിച്ച് എത്തിയ ഗർഭിണിയായ ഭാര്യക്ക് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ സി.ഐ. പ്രതാപചന്ദ്രന്റെ മർദനം നേരിടേണ്ടിവന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. 2024 ജൂൺ 20ന് നടന്ന സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ ഹൈക്കോടതി ഉത്തരവുപ്രകാരം പരാതിക്കാരിക്ക് ലഭിച്ചിരുന്നു. കൊച്ചി സ്വദേശിനി ഷൈമോളാണ് മർദനമേറ്റത്.
നിയമപ്രകാരം, രഹസ്യസ്വഭാവമുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഉദ്യോഗസ്ഥരുടെ വ്യക്തമായ ഉത്തരവോടെ ചിത്രീകരണം നിയന്ത്രിക്കാനാവൂ. എന്നാൽ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ നിയമപരമായ പ്രവർത്തനം തടസ്സപ്പെടുത്താതെ മാത്രമേ ഈ അവകാശം വിനിയോഗിക്കാവൂ. പോലീസ് രാജ്യമല്ല, ജനാധിപത്യ രാജ്യമാണ് ഇന്ത്യ; പൊതുനന്മയ്ക്കും ഉദ്യോഗസ്ഥ വീഴ്ചകളും അഴിമതിയും പുറത്തുകൊണ്ടുവരുന്നതിനുമായി ഈ അവകാശം ഉപയോഗിക്കാമെന്നും നിയമം വ്യക്തമാക്കുന്നു.


