അതിഥി തൊഴിലാളിയെ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ മര്‍ദ്ദിച്ച് കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പാലക്കാട് ജില്ലാ പോലിസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തിസ്ഗഢ് സ്വദേശി രാം നാരായണന്‍ വയ്യാറിനെ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമെന്ന് പോലിസ്. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടും ക്രൂരതയുമാണ് ഇയാള്‍ നേരിട്ടതെന്നാണ് പോസറ്റ്മോര്‍ട്ടം റിപോര്‍ട്ട്. മര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ ശേഷം ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് വീണ്ടും തല്ലി കൊലപ്പെടുത്തിയത്. കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചു പേരെ വാളയാര്‍ പോലിസ് അറസ്റ്റു ചെയ്തിരുന്നു.
മൃതദേഹത്തിലുണ്ടായ പാടുകളെക്കുറിച്ചും മറ്റും വളരെ വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റിട്ടും കുറച്ച് സമയം അയാള്‍ ജീവനോടെ ഉണ്ടായിരുന്നു. പക്ഷെ മരണം അതിദാരുണമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്. ബാക്കി നടപടിക്രമങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും.’ ഡോ. ഹിതേഷ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു വാളയാറിൽ രാം നാരായണൻ എന്ന അതിഥി തൊഴിലാളി അതിക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ സംഘം രാം നാരായണിനെ പരിശോധിച്ചെങ്കിലും മോഷണ വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാം നാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


