സമയത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; റിജു വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

തൃശൂർ: ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി റിജു കൊല്ലപ്പെട്ട കേസിൽ തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷിക്കപ്പെട്ട പ്രതികൾ 3,10,000 രൂപ പിഴയായും അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട റിജുവിന്റെ കുടുംബത്തിന് കൈമാറാൻ കോടതി നിർദ്ദേശിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും.
മാന്ദാമംഗലം സ്വദേശി (രണ്ടാം പ്രതി) ഷെറി എന്ന കുഞ്ഞുമോൻ (36), ആറാം പ്രതി മരോട്ടിച്ചാൽ സ്വദേശി പ്രകാശൻ (38), ഏഴാം പ്രതിയായ മരോട്ടിച്ചാൽ സ്വദേശി അനൂപ് (39) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ടവർ.
2010 ജൂലൈയിലാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. കല്ലൂർ- മരോട്ടിച്ചാൽ റൂട്ടിലെ സ്വകാര്യ ബസ് സർവീസിൻറെ സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. റിജുവിന്റെ സഹോദരൻ ബിജുവിന്റെ ബസ് നേരത്തെ ഒരു സംഘം അടിച്ചുതകർത്തിരുന്നു. ഇതിൽ പൊലിസ് കേസെടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം റിജുവിനെ ആക്രമിക്കുകയായിരുന്നു.
ഒല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം.കെ. കൃഷ്ണൻ സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ ഏഴ് പ്രതികളാണുണ്ടായിരുന്നത്. എന്നാൽ വിചാരണ പൂർത്തിയാകുന്നതിന് മുൻപ് ഒന്നാം പ്രതിയും നാലാം പ്രതിയും മരണപ്പെട്ടു. വിചാരണയ്ക്കിടെ മൂന്നാം പ്രതി ഒളിവിൽ പോയതിനാൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. അഞ്ചാം പ്രതി ചികിത്സയിൽ കഴിയുന്നതിനാൽ ഇയാളെ കേസിൽ നിന്നും താൽക്കാലികമായി മാറ്റിനിർത്തുകയും ചെയ്തു. നിലവിൽ ലഭ്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് രണ്ട്, ആറ്, ഏഴ് പ്രതികൾക്കെതിരെ കോടതി വിധി പ്രസ്താവിച്ചത്.

