വിജിലൻസ് മിന്നൽ പരിശോധന: കൈക്കൂലി പണവുമായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പിടിയിൽ

തൃശ്ശൂർ: ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസിലെ റേഞ്ച് ഇൻസ്പെക്ടർ കൈക്കൂലി പണവുമായി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായി. ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
ബാർ ഉടമകളിൽ നിന്നും കള്ള് ഷാപ്പ് കോൺട്രാക്ടർമാരിൽ നിന്നും മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി വിജിലൻസ് ഉദ്യോഗസ്ഥനെ നിരീക്ഷിച്ചുവരികയായിരുന്നു. തൃശ്ശൂർ എരവിമംഗലത്തുള്ള സ്വന്തം വീട്ടിലേക്ക് പോകുന്ന ദിവസങ്ങളിൽ, താൽക്കാലികമായി താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് കൈക്കൂലി പണം കൈപ്പറ്റുന്നതെന്ന വിവരവും വിജിലൻസിന് ലഭിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം ബാർ ഉടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന്, പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം വിജിലൻസ് സംഘം തടഞ്ഞുനിർത്തി. പരിശോധനയ്ക്കിടെ കണക്കിൽപ്പെടാത്ത കൈക്കൂലി പണമായ 32,500 രൂപ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞത് വിജിലൻസ് സംഘം കണ്ടെടുത്തതായി അറിയിച്ചു.
വൈകുന്നേരം 6.15 മണിയോടെ ആരംഭിച്ച മിന്നൽ പരിശോധന രാത്രി വൈകിയും തുടരുകയാണ്.

