ആഭ്യന്തര വകുപ്പ് ആർ എസ് എസ്അജണ്ടക്ക് കീഴിൽ പ്രവർത്തിക്കുന്നു – പി കെ ഉസ്മാൻ

പാലക്കാട്: പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായതിന് ശേഷം കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ആർഎസ്എസിന്റെ ആലയിൽ കെട്ടപ്പെട്ടിരിക്കുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ ആരോപിച്ചു. വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ കേരളത്തിലെ തെരുവുകൾ പ്രക്ഷുബ്ധമാകുമ്പോഴും, സംസ്ഥാനത്തിനകത്ത് ആൾക്കൂട്ട കൊലപാതകം നടന്നിട്ടും ആഭ്യന്തര വകുപ്പ് നിശബ്ദത പാലിക്കുന്ന നിലപാട് ഗൗരവമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.കെ. ഉസ്മാൻ പറഞ്ഞു. വാളയാറിൽ നടന്നത് വ്യക്തമായ വംശീയ കൊലപാതകമാണെന്നും, ആൾക്കൂട്ട കൊലപാതകങ്ങളിൽ സ്വീകരിക്കേണ്ട സുപ്രീം കോടതി നിർദേശങ്ങൾ പോലും ഈ കേസിൽ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് കാലമായി കേരള പോലീസ് സംഘപരിവാർ അജണ്ടക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പി.കെ. ഉസ്മാൻ ആരോപിച്ചു. കുറ്റകൃത്യങ്ങളിൽ ആർഎസ്എസിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, ആർഎസ്എസിനെതിരെ സത്യസന്ധമായി ഉയരുന്ന തെളിവുകൾ പോലും നിരാകരിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. വെള്ളാപ്പള്ളി നടേശൻ പോലുള്ളവർ പൊതുവേദികളിൽ തുടർച്ചയായി വിദ്വേഷ പ്രസംഗങ്ങൾ നടത്തുമ്പോഴും, ആഭ്യന്തര വകുപ്പ് നിസംഗത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷം വിതച്ച് വിളവെടുപ്പ് നടത്തുന്ന സംഘപരിവാർ അജണ്ടക്ക് ആഭ്യന്തര വകുപ്പിനെ സ്തുതിപാഠകരാക്കി മാറ്റിയതും പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായതിന് ശേഷമാണെന്ന് പി.കെ. ഉസ്മാൻ ആരോപിച്ചു. വാളയാറിൽ കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് നീതിപൂർവ്വമായ സംരക്ഷണവും മതിയായ സഹായവും നൽകണമെന്നും, കേസിലെ മുഴുവൻ പ്രതികളെയും ഇനിയും പിടികൂടാത്തതിന് പിന്നിൽ ഗൂഢ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംഘപരിവാറിന്റെ ഭീഷണിക്കും ആഭ്യന്തര വകുപ്പിന്റെ അനാസ്ഥക്കും എതിരായി കേരളത്തിന്റെ മനസാക്ഷി ഉണരണമെന്ന് പി.കെ. ഉസ്മാൻ ആഹ്വാനം ചെയ്തു.
വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് സഹീർ ചാലിപ്പുറവും പങ്കെടുത്തു.


