ഇനി ബിജെപിക്കൊപ്പമുള്ള പാർട്ടിയല്ല; ജനതാദൾ(എസ്) ലയനത്തിനായി രൂപീകരിച്ച പാർട്ടിക്ക് അംഗീകാരം, മാത്യു ടി തോമസ് നേതൃത്വം നൽകും

കോഴിക്കോട്: ജനതാദൾ(എസ്) കേരളഘടകം ലയിക്കാനായി രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐഎസ്‌ജെഡി) എന്ന പാർട്ടിക്കാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ജനുവരി 10ന് കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ ജെഡി(എസ്) കേരള ഘടകം ഐഎസ്‌ജെഡിയിൽ ലയിക്കും.
പുതിയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി മുൻ മന്ത്രിയായ മാത്യു ടി തോമസ് പ്രവർത്തിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി അടക്കമുള്ള ജെഡി(എസ്) കേരളത്തിലെ പ്രധാന നേതാക്കളും പുതിയ പാർട്ടിയുടെ ഭാഗമാകും.
ദേശീയതലത്തിൽ ജെഡി(എസ്) ബിജെപിയുമായി സഖ്യം ചേർന്നതോടെയാണ് കേരളത്തിലെ നേതാക്കൾ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായത്. മറ്റ് പാർട്ടികളിലേക്ക് നേരിട്ട് ചേർക്കാൻ കഴിയാത്ത സാഹചര്യം നിലനിന്നതോടെയാണ് പുതിയ പാർട്ടി രൂപീകരിച്ച് ലയിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകുകയും, കഴിഞ്ഞ ദിവസമാണ് അംഗീകാരം ലഭിക്കുകയും ചെയ്തത്.
എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേർന്ന ഘട്ടത്തിൽ തന്നെ കേരളത്തിലെ നേതാക്കൾ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്യാതിരുന്നതിനാൽ സാങ്കേതികമായി ബിജെപി മുന്നണിയിലുള്ള ജനതാദളിന്റെ ഭാഗമായ നിലയിലാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി അടക്കമുള്ളവർ തുടരേണ്ടിവന്നത്. ഈ അവസ്ഥ മറികടക്കുന്നതിനുള്ള നീക്കമായാണ് ഐഎസ്‌ജെഡി രൂപീകരണം.

