വാളയാറിലെ സംഘപരിവാര്‍ ആള്‍ക്കൂട്ടക്കൊല: രണ്ടുപേർ കൂടി കസ്റ്റഡിയിൽ, ആകെ ഏഴുപേർ പിടിയിൽ

പാലക്കാട്: വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരായണനെ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
നേരത്തെ നാല് ആർഎസ്എസ് പ്രവർത്തകരടക്കം അഞ്ച് പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ ഏഴുപേർ പൊലീസ് പിടിയിലായി. കേസുമായി ബന്ധപ്പെട്ട് ഇനിയും പത്ത് പേരെ പിടികൂടാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മിക്ക പ്രതികളും സംസ്ഥാനം വിട്ടതായാണ് സൂചന.
നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി പി. എൻ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ആൾക്കൂട്ട കൊലപാതകം, എസ്.സി–എസ്.ടി അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി രാവിലെ 11.30-നുള്ള വിമാനത്തിൽ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.


