കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം: കുട്ടികളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

പാലക്കാട്: പുതുശ്ശേരി സുരഭി നഗറില്‍ കുട്ടികള്‍ ഉള്‍പ്പെട്ട കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യത. ആക്രമണത്തിനിടെ കുട്ടികളെ മര്‍ദ്ദിച്ചെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇത് തെളിഞ്ഞാല്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിന്‍രാജിനെതിരെ അധിക കുറ്റങ്ങള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സുരഭി നഗറില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ ‘സിപിഐഎം’ എന്ന് എഴുതിയിരുന്നതിനെ ചോദ്യം ചെയ്തായിരുന്നു ആക്രമണം. പ്രതി ചോദ്യം ചെയ്തതോടെ കുട്ടികള്‍ ഡ്രം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീട് തിരികെ എത്തിയപ്പോള്‍ ഡ്രം തകര്‍ന്ന നിലയിലായിരുന്നു.
തുടര്‍ന്ന് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അശ്വിന്‍രാജിനെ അറസ്റ്റ് ചെയ്തു. ആക്രമണ സമയത്ത് അശ്വിനോടൊപ്പം മറ്റ് രണ്ട് പേരും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവരുടെ പങ്കും പൊലീസ് അന്വേഷിച്ചു വരികയാണ്.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് പുതുശ്ശേരിയില്‍ വിവിധ സംഘടനകള്‍ രംഗത്തെത്തി. “ഇത് മതനിരപേക്ഷ കേരളമാണ്; ഇവിടെ ഓണവും, പെരുന്നാളും, ക്രിസ്തുമസും ഒരുമിച്ച് ആഘോഷിക്കും” എന്ന സന്ദേശമുയര്‍ത്തി DYFI പുതുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചു. എസ്ഡിപിഐ മലമ്പുഴ മണ്ഡലം കമ്മിറ്റിയും ആക്രമണത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.


