Image default
Uncategorized

വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു; പരസ്യമായി മാപ്പ് പറയണം  കേരള പത്രപ്രവർത്തക യൂണിയൻ

0:00

വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു; പരസ്യമായി മാപ്പ് പറയണം – കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം:
മാധ്യമപ്രവർത്തകനെ “തീവ്രവാദി” എന്ന് വിളിച്ച് പരസ്യമായി അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി വിമർശിച്ചു. സ്ഥാപിത താത്പര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി മനോഭാവമാണ് വെള്ളാപ്പള്ളി വീണ്ടും തെളിയിച്ചതെന്നും യൂണിയൻ കുറ്റപ്പെടുത്തി.
ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടി മാറ്റി ‘പോടോ’ എന്ന് ആക്രോശിച്ച സംഭവത്തിൽ വെള്ളാപ്പള്ളി സ്വീകരിച്ച സമീപനം ഫാഷിസ്റ്റ് സ്വഭാവമുള്ളതും ജനാധിപത്യ സമൂഹം ഒരുനിലയ്ക്കും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തോടുള്ള തുറന്ന വെല്ലുവിളിയാണ് ഇതെന്നും സംഘടന ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളിയെ തിരുത്താൻ അദ്ദേഹത്തിനോട് അടുപ്പമുള്ള നേതാക്കളും കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന്റെ ചാലകശക്തിയായ എസ്എൻഡിപി യോഗവും ഇനിയെങ്കിലും ശക്തമായി രംഗത്തുവരണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ സൗഹൃദ സാമൂഹികാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള ഇത്തരം നിരന്തര പെരുമാറ്റങ്ങൾ ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്ന കേരള ജനത അവജ്ഞാപൂർവം തള്ളിക്കളയണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വിശ്വമാനവികതയുടെ പ്രവാചകനായ ശ്രീനാരായണ ഗുരുവിൽ അൽപമെങ്കിലും വിശ്വാസം ബാക്കിയുണ്ടെങ്കിൽ, ഗുരുദർശനങ്ങൾക്ക് കടകവിരുദ്ധമായ ഈ വിഷലിപ്ത സമീപനത്തിൽ നിന്ന് വെള്ളാപ്പള്ളി പിൻമാറി പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
മാധ്യമങ്ങൾ അടക്കം എല്ലാവരും തങ്ങൾ പറയുന്നത് കണ്ണുംപൂട്ടി കേട്ട് മടങ്ങണമെന്ന ധാരണ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലുള്ളവർക്ക് ഭൂഷണമല്ലെന്നും, ജനങ്ങൾക്ക് വേണ്ടിയാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തുന്നതെന്നും യൂണിയൻ ഓർമ്മിപ്പിച്ചു. ചോദ്യങ്ങളെ തട്ടിമാറ്റി മുന്നോട്ടുപോകാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽ വ്യക്തമാക്കി.

Related post

വണ്ടൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Time to time News

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കം സ്വകാര്യ ബസ് മേഖലയെ തകർക്കും: സി.കെ. അബ്ദുൽ റഷീദ്

Time to time News

യുവജന ശക്തിയെ സമൂഹമാറ്റത്തിനായി സജ്ജമാക്കി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."