പട്ടാമ്പി ശങ്കരമംഗലത്ത് വാഹനാപകടം; യുവാവ് മരിച്ചു

പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൊപ്പം മണ്ണേങ്ങോട് പടിഞ്ഞാക്കര വാൽ പള്ളിയാലിൽ മുഹമ്മദ് റാഫി (33) ആണ് മരിച്ചത്. കൊപ്പം മുളങ്കാവിലെ മത്സ്യത്തൊഴിലാളിയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസും മുഹമ്മദ് റാഫി ഓടിച്ചിരുന്ന ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റാഫിയുടെ തല ബസിനടിയിൽ പെട്ടതോടെ ഗുരുതരമായി പരിക്കേറ്റു.
സംഭവം നടന്ന ഉടൻ നാട്ടുകാർ റാഫിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്നതിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ആരോപണമുണ്ട്.
അപകടത്തെ തുടർന്ന് റോഡിൽ വലിയ തോതിൽ രക്തം തളംകെട്ടി നിന്നതോടൊപ്പം ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

