മകനെ ഉമ്മവച്ചതിനെച്ചൊല്ലിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് അറസ്റ്റിൽ

പാലക്കാട് :മണ്ണാർക്കാട്
മകനെ ഉമ്മവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം ഭാര്യയുടെ ജീവനെടുത്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാശ് ഭാര്യ ദീപിക (28)യെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പല്ലുതേയ്ക്കാതെ മകനെ ഉമ്മവയ്ക്കരുതെന്ന് ഭാര്യ പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വാക്കുതർക്കത്തിനിടെ അവിനാശ് ദീപികയെ കൊടുവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കഴുത്തിലും കൈകളിലും കാലുകളിലും ഗുരുതരമായി പരിക്കേറ്റ ദീപികയെ നാട്ടുകാർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വയസുള്ള മകൻ ഐവിൻ്റെ മുന്നിൽവച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. കുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസികൾ സ്ഥലത്തെത്തിയത്. അപ്പോൾ ദീപിക രക്തത്തിൽ കുളിച്ച നിലയിൽ നിലത്ത് വീണുകിടക്കുകയായിരുന്നുവെന്നും, കുഞ്ഞ് സമീപത്ത് കരഞ്ഞുകൊണ്ടിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ഭാര്യയെ വെട്ടാനുപയോഗിച്ച കൊടുവാളുമായി അവിനാശ് സമീപത്ത് തന്നെയുണ്ടായിരുന്നുവെന്നും, തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ച് പ്രതിയെ കൈമാറുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ദീപിക കോയമ്പത്തൂർ സ്വദേശിനിയാണ്. ദമ്പതികൾ വർഷങ്ങളായി ബംഗളൂരുവിൽ താമസിച്ചിരുന്നതായും, രണ്ട് മാസം മുമ്പാണ് നാട്ടിലേക്ക് താമസം മാറിയതെന്നും പൊലീസ് പറഞ്ഞു. അഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാശ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പൊലീസിനോട് അറിയിച്ചു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

