ആൺകുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി; പൂജാരി അറസ്റ്റിൽ

വടകര: സഹോദരങ്ങളായ രണ്ട് ആൺകുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനും ശാരീരിക പീഡനത്തിനും ഇരയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്തി (30) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്ന പ്രതിയെ ബംഗളുരുവിൽ നിന്ന് പൊലീസ് പിടികൂടിയത്.
പന്ത്രണ്ടും ആറും വയസുള്ള സഹോദരങ്ങളെയാണ് പ്രതി പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന യുവതി ട്രെയിൻ യാത്രയ്ക്കിടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് താമസിക്കുന്നതിനിടയിലാണ് കുട്ടികൾ ക്രൂരമായ പീഡനത്തിന് ഇരയായത്. യുവതി ജോലി ആവശ്യാർഥം സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന സമയങ്ങളിൽ പ്രതിയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഇസ്തിരി പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും, മുട്ടുസൂചി കൊണ്ട് ശരീരത്തിൽ കുത്തുകയും ചെയ്തതായി കുട്ടികൾ പൊലീസിനോട് മൊഴി നൽകി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടികൾ പറഞ്ഞു. ദീർഘകാലമായി തുടരുന്ന പീഡനമാണ് കുട്ടികൾ അനുഭവിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിവരം അറിഞ്ഞ യുവതി കുട്ടികളുമായി വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിക്ക് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ജനുവരി 16-നാണ് കേസുമായി ബന്ധപ്പെട്ട് യുവതി ഔദ്യോഗികമായി പരാതി നൽകിയത്.
പ്രതി വടകര, മൊകേരി, തട്ടോളിക്കര, മുടപ്പിലാവ്, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ ചില ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. വടകര എസ്‌ഐ എം. കെ. രജ്ജിത്ത്, എഎസ്ഐമാരായ ഇ. ഗണേശൻ, കെ. കെ. സിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും, കുട്ടികൾക്ക് ആവശ്യമായ കൗൺസലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

