10 വർഷം ഒളിവിൽ; കർഷകരുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് പണം തട്ടിയ മുൻ കൃഷി ഓഫീസർ പിടിയിൽ

പാലക്കാട്: അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കാതെ ഒരു ദശകത്തിലേറെ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ കൃഷി ഓഫീസറെ പാലക്കാട് വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. അഗളി കൃഷിഭവനിലെ മുൻ അഗ്രികൾച്ചറൽ ഓഫീസർ വെങ്കിടേശ്വര ബാബുവിനെയാണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.
2006 കാലഘട്ടത്തിൽ പാലക്കാട് അഗളി കൃഷിഭവനിൽ കൃഷി ഓഫീസറായി സേവനമനുഷ്ഠിക്കുമ്പോൾ, പ്രകൃതി ദുരന്തത്തെ തുടർന്ന് കർഷകർക്ക് അനുവദിക്കേണ്ട നഷ്ടപരിഹാര തുക കർഷകരുടെ പേരിൽ വ്യാജ രേഖകൾ തയ്യാറാക്കി തട്ടിയെടുത്തുവെന്നാണ് കേസ്. സംഭവത്തിൽ വിജിലൻസ് പാലക്കാട് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് പിന്നീട് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിന്റെ വിചാരണയ്ക്ക് ശേഷം 2016ൽ തൃശൂർ വിജിലൻസ് കോടതി വെങ്കിടേശ്വര ബാബുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. വിവിധ വകുപ്പുകളിലായി മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയ കോടതി, ശിക്ഷ അനുഭവിക്കുന്നതിനായി വിജിലൻസ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിന്നീട് ബംഗളൂരുവിൽ നിന്ന് പാലക്കാട് വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

