ലൈംഗിക പീഡനാരോപണം: അധഃപതിച്ച രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനം — അന്വേഷണം നടത്തി കർശന നടപടി വേണം: എസ്.ഡി.പി.ഐ

പാലക്കാട്: പാലക്കാട് നഗരസഭയിലെ ഒരു വാർഡ് കൗൺസിലർക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗിക പീഡനാരോപണം സംസ്ഥാനത്ത് വളർന്നുവരുന്ന അധഃപതിച്ച രാഷ്ട്രീയ സംസ്കാരത്തിന്റെ ഗൗരവമായ പ്രതിഫലനമാണെന്ന് എസ്.ഡി.പി.ഐ. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് കാവൽപാട് ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടവയല്ലെന്നും, അധികാരവും സ്വാധീനവും ദുരുപയോഗം ചെയ്യുന്ന പ്രവണതയുടെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.
ജോലി വാഗ്ദാനം നൽകി ഒരു ദളിത് യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കെ, ഇതുമായി ബന്ധപ്പെട്ട പരാതിയിൽ ഭീഷണിപ്പെടുത്തൽ, നിർബന്ധിത ഗർഭഛിദ്ര ശ്രമം എന്നിവയും ഉൾപ്പെട്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ആരോപണങ്ങൾ സമൂഹത്തിൽ വലിയ ആശങ്കയും ഭീതിയും സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അധികാര ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും ചൂണ്ടിക്കാട്ടി ഇരയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അതീവ ഗുരുതരമാണ്. ഇത്തരത്തിൽ അധികാരം ദുരുപയോഗം ചെയ്യുന്നവർക്ക് സംരക്ഷണം ലഭിക്കുന്ന സാഹചര്യം ജനാധിപത്യത്തിനും സ്ത്രീസുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണെന്നും ഇല്യാസ് വിമർശിച്ചു.
സ്ത്രീകളുടെ സുരക്ഷയും മാനവികാവകാശങ്ങളും സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും, ഇത്തരം കേസുകളിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണവിധേയനെ ഉടൻ സ്ഥാനത്തുനിന്ന് മാറ്റി നിർത്തി നിയമനടപടികൾക്ക് വിധേയനാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതിയിൽ ഉയർന്നിരിക്കുന്ന എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി സ്വതന്ത്രവും നീതിപൂർണവുമായ അന്വേഷണം അടിയന്തിരമായി നടത്തണം. കുറ്റം തെളിഞ്ഞാൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഇല്യാസ് ആവശ്യപ്പെട്ടു.

