ഒലവക്കോട് അർദ്ധരാത്രി ആക്രമണം ചെറിയ വകുപ്പിട്ട് ലളിതമാക്കുന്നു; 307 ഉൾപ്പെടെ കർശന വകുപ്പുകൾ ചുമത്തി പ്രതികളെ ഉടൻ പിടിക്കണം: എസ്ഡിപിഐ

പാലക്കാട് ഒലവക്കോട് പൂക്കാരത്തോട്ടം പ്രദേശത്ത് അജ്മൽ, അൻസിൽ, ആഷിഫ് എന്നീ മൂന്നുപേരെ ലക്ഷ്യമാക്കി അർദ്ധരാത്രിയിൽ 20-ഓളം ആളുകൾ ചേർന്ന് നടത്തിയ ക്രൂരമായ ആക്രമണത്തെ തുടർന്ന് എടുത്ത കേസിൽ പോലീസ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ സംഭവം നടന്ന രീതിക്ക് യോജിച്ചതല്ലെന്ന് എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ. എച്ച്. ഖലീൽ പറഞ്ഞു. ആക്രമിക്കപ്പെട്ടവരിൽ അൻസിൽ എസ്ഡിപിഐ ചുണ്ണാമ്പുതറ ബ്രാഞ്ച് സെക്രട്ടറിയാണ്. അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന സംശയം ശക്തമാണ്.
എഫ്ഐആറിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്ന 189(2), 191(2), 190, 126(2), 115(2), 118(1), 110, 324(4) ബിഎൻഎസ് എന്നീ വകുപ്പുകൾ കൂടുതലും ജാമ്യം കിട്ടുന്ന ചെറിയ വകുപ്പുകളാണ്. ഇത്രയും ആളുകൾ ചേർന്ന് ആയുധങ്ങളുമായി അർദ്ധരാത്രിയിൽ നടത്തിയ ആക്രമണത്തെ ഇങ്ങനെ ലളിതമായി കാണുന്നത് അംഗീകരിക്കാനാവില്ല.
12.04.2026 രാത്രി നടന്ന ആക്രമണത്തിൽ ഇരുമ്പുപാര, വടി തുടങ്ങിയവ ഉപയോഗിച്ച് തലയും ശരീരവും ലക്ഷ്യമാക്കി അടിച്ചതിൽ മൂന്നുപേർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാൾ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സയിൽ തുടരുകയാണ്. കൂടാതെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തകർത്ത് കനാലിലേക്ക് തള്ളിയിട്ടുമുണ്ട്. ഇത് സാധാരണ അടിപിടി കേസല്ല, വ്യക്തമായും കൊല്ലാൻ ശ്രമിച്ചതായി കാണേണ്ട സംഭവമാണ്.
അതിനാൽ നിലവിലുള്ള എഫ്ഐആർ അടിയന്തരമായി ആൾട്ടർ ചെയ്ത് ഐപിസി 307-ന് സമാനമായ ബിഎൻഎസിലെ ‘Attempt to Murder’ വകുപ്പ് ഉൾപ്പെടെ കർശനവും ജാമ്യമില്ലാത്തതുമായ വകുപ്പുകൾ ചുമത്തി, സംഘം ചേർന്ന് നടത്തിയ ആക്രമണമായി കേസെടുത്ത് മുഴുവൻ പ്രതികളെയും കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണം. പോലീസ് ഇതിൽ വീഴ്ച വരുത്തിയാൽ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനായി ആവശ്യമായ നിയമസഹായം എസ്ഡിപിഐ നൽകുമെന്ന് ഒ. എച്ച്. ഖലീൽ വ്യക്തമാക്കി. കുറ്റം ചെയ്തവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

