0:00
കൈക്കൂലി കേസ്: മുൻ വില്ലേജ് ഓഫീസർക്ക് 4 വർഷം കഠിന തടവും ₹4 ലക്ഷം പിഴയും

പാലക്കാട്: കൈക്കൂലി വാങ്ങിയ കേസിൽ വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസറും നിലവിൽ നെല്ലായ വില്ലേജ് ഓഫീസറുമായ പി. ഉദയഭാനു (53)യെ തൃശ്ശൂർ വിജിലൻസ് കോടതി നാല് വർഷം കഠിന തടവിനും ₹4 ലക്ഷം പിഴയും ശിക്ഷിച്ചു.
പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കുന്നതിനായി ₹1,000 കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയും ചെയ്ത കേസിലാണ് ശിക്ഷ. ഭൂമിയുടെ നികുതി അടയ്ക്കുന്നതിനുള്ള നടപടികൾ മനഃപൂർവം വൈകിപ്പിച്ച ശേഷമാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. പാലക്കാട് വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്‌പിമാരായ കെ. സതീശൻ, സുകുമാരൻ എന്നിവർ അന്വേഷണം നടത്തി. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ഷൈലജൻ ഹാജരായി.

