പുതുക്കാട് റിപ്പർ മോഡൽ ആക്രമണക്കേസ്; രണ്ടാം പ്രതിയായ യുവതി റിമാൻഡിൽ

പുതുക്കാട്: തൃക്കൂർ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ ജിസ്മി തെരേസ് ജോഷി (30) റിമാൻഡിൽ. മറ്റത്തൂർ വില്ലേജ് മറ്റത്തൂർകുന്ന് സ്വദേശിനിയായ ജിസ്മിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
കേസിൽ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയിലും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയിലും നൽകിയ ഹർജികൾ തള്ളിയതിനെ തുടർന്ന് ജിസ്മി പുതുക്കാട് പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ സ്വമേധയാ ഹാജരാകുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇതേ കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ (36) പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സംഭവത്തിന് 24 മണിക്കൂറിനകം പിടികൂടിയിരുന്നു.
മരത്താക്കര പുഴമ്പള്ളം സ്വദേശി ഡീനസ് ഡേവിസ് (37) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഡീനസിന്റെ ഭാര്യയായ ജിസ്മിയും ഒന്നാം പ്രതിയായ സിറിളും തമ്മിലുള്ള ബന്ധത്തെ തുടർന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2026 മേയ് 8-ന് വൈകിട്ട് തൃക്കൂർ നെല്ലിച്ചോട് ജിമ്മിന് മുന്നിൽ വർക്കൗട്ട് കഴിഞ്ഞിറങ്ങിയ ഡീനസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

