ആരോഗ്യരംഗത്ത് പാലക്കാടിനോട് അവഗണന; ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് രോഗികൾക്ക് മരുന്നും ഇഞ്ചക്ഷനും ജില്ലയിൽ ലഭ്യമാക്കണം: എസ്.ഡി.പി.ഐ

പാലക്കാട്: ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് രോഗികൾക്ക് ആവശ്യമായ മരുന്നും ഇഞ്ചക്ഷനും പാലക്കാട് ജില്ലയിൽ തന്നെ ലഭ്യമാക്കണമെന്നും, പാലക്കാട് മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും റൂമറ്റോളജി വിഭാഗം അടിയന്തിരമായി ആരംഭിക്കണമെന്നും എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം സർക്കാരിനോട് ആവശ്യപ്പെട്ടു.
നട്ടെല്ലിനെയും സന്ധികളെയും ഗുരുതരമായി ബാധിക്കുന്ന ദീർഘകാല രോഗമായ ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് മൂലം സംസ്ഥാനത്ത് ആയിരക്കണക്കിന് രോഗികളാണ് ദുരിതമനുഭവിക്കുന്നത്. കഠിനമായ നടുവേദന, കഴുത്തുവേദന, സന്ധിവേദന, ശരീരം നിവർത്താനും നടക്കാനും കഴിയാത്ത അവസ്ഥ തുടങ്ങി സാധാരണ ജീവിതം പോലും ദുഷ്കരമാക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഈ രോഗികൾ നേരിടുന്നത്. രോഗം മൂർച്ഛിച്ചാൽ നട്ടെല്ല് സ്ഥിരമായി വളയുകയും രോഗി പൂർണ്ണമായ ശാരീരിക വൈകല്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും.
എന്നാൽ, ഇത്തരമൊരു ഗുരുതര രോഗത്തിനാവശ്യമായ ചികിത്സയും മരുന്നുകളും സംസ്ഥാനത്തെ ഏതാനും മെഡിക്കൽ കോളേജുകളിൽ മാത്രമായി ഒതുക്കിനിർത്തുന്നത് കടുത്ത വിവേചനമാണ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ മാത്രം ലഭ്യമാകുന്ന ഈ ചികിത്സാ സൗകര്യങ്ങൾ പാലക്കാട് ജില്ലയിലെ രോഗികൾക്ക് നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിഭാഗങ്ങളും ദളിതരും ആദിവാസികളും താമസിക്കുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ ഏറെയുള്ള ഈ ജില്ലയിൽ രോഗികൾക്ക് അടിസ്ഥാന ചികിത്സ പോലും നിഷേധിക്കപ്പെടുന്നത് സർക്കാരിന്റെ വികസന അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്.
കഠിനമായ വേദന അനുഭവിക്കുന്ന രോഗികൾ ചികിത്സയ്ക്കായി നൂറുകണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്നത് മനുഷ്യത്വരഹിതമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾ ചികിത്സാച്ചെലവും യാത്രാച്ചെലവും താങ്ങാനാകാതെ ദുരിതത്തിലാണ്. ‘രോഗം പാലക്കാടുണ്ടെങ്കിൽ ചികിത്സയും ഇവിടെ ലഭ്യമാകണം’ എന്ന ലളിതമായ ചോദ്യത്തിന് സർക്കാർ മറുപടി പറയേണ്ടതുണ്ട്.
ആരോഗ്യരംഗത്ത് ജില്ലകൾക്കിടയിൽ വിവേചനം കാണിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം. എല്ലാ ജനങ്ങൾക്കും തുല്യമായ ചികിത്സാ അവകാശം ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിനാൽ, പാലക്കാട് ജില്ലയിലെ രോഗികൾക്ക് സ്വന്തം നാട്ടിൽ തന്നെ മരുന്നും ഇഞ്ചക്ഷനും ലഭിക്കാനുള്ള സൗകര്യം ഒരുക്കുകയും, പാലക്കാട് മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും റൂമറ്റോളജി വിഭാഗം ആരംഭിക്കുകയും വേണം.
പാലക്കാടിനോടുള്ള ആരോഗ്യരംഗത്തെ ഈ അവഗണന അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണം. അല്ലാത്തപക്ഷം രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്ന് റഷീദ് പുതുനഗരം മുന്നറിയിപ്പ് നൽകി.

